ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മൽസരവും തോറ്റതോടെ പരമ്പര ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 151ന് പുറത്താകുകയായിരുന്നു. 135 റണ്‍സിന്റെ തോൽവി വഴങ്ങിയ ഇന്ത്യ ഇന്ന് നഷ്ടപ്പെടുത്തിയത് ഓസ്‌ട്രേലിയയുടെ ലോകറെക്കോര്‍ഡ് മറികടക്കാനുള്ള അവസരമായിരുന്നു. തുടര്‍ച്ചയായ ഒമ്പതാം പരമ്പര വിജയമെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു ഇന്ത്യ. 2014-15 സീസണിൽ ഓസ്‌ട്രേലിയയോട് തോറ്റ ശേഷം ഇതാദ്യമായാണ് കോലിയുടെ കീഴിൽ ഇന്ത്യ ടെസ്റ്റ് പരമ്പര തോൽക്കുന്നത്. കോലി നായകനായ ശേഷം തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളിൽ ഇന്ത്യ തോൽക്കുന്നതും ഇതാദ്യമാണ്. അതേസമയം തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് പരമ്പര ജയിക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോര്‍ഡ് റിക്കി പോണ്ടിംഗിനൊപ്പം കോലി പങ്കിടും. ആ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിയോടെ കോലിയ്‌ക്ക് നഷ്ടമായത്.