കട്ടക്ക്: ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ ബൗള്‍ഡായിട്ടും ധോണി പുറത്തായില്ല. മത്സരത്തിന്റെ 44-ാം ഓവറിലായിരുന്നു ഇത്.ഏകദിനത്തില്‍ തന്റെ പത്താം സെഞ്ചുറി പൂര്‍ത്തിയാക്കിയ ധോണി ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ കൊള്ളാതെ ഓഫ് സ്റ്റംപില്‍ കൊണ്ടു.

ബെയില്‍സ് തെറിപ്പിച്ച് പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പെ അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നതിനാല്‍ ധോണി പുറത്തായില്ലെന്ന് മാത്രമല്ല പന്ത് ബൗണ്ടറി കടന്നതിനാല്‍ ബൈ ആയി നാലു റണ്‍സും അടുത്ത പന്തില്‍ ഫ്രീ ഹിറ്റും ധോണിക്ക് ലഭിച്ചു. ഫ്രീ ഹിറ്റ് പന്ത് മുതലാക്കാന്‍ പക്ഷെ ധോണിക്കായില്ല. കഴിഞ്ഞ 55 മത്സരത്തിനിടെയുള്ള ധോണിയുടെ ആദ്യ സെഞ്ചുറിയായിരുന്നു കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്.