പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 96 റണ്‍സ് എന്ന നിലയിലാണ്. 48 റണ്‍സോടെ ആജിന്‍ക്യ രഹാനെയും 45 റണ്‍സോടെ ശിഖര്‍ ധവാനുമാണ് ക്രീസില്‍. ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ച ടീമില്‍നിന്ന് രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ജസ്‌പ്രിത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ്മയ്‌ക്ക് പകരം ആജിന്‍ക്യ രഹാനെ ഓപ്പണറായി ഇറങ്ങി. ബുംറയ്‌ക്കും ജഡേജയ്‌ക്കും പകരം ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വെസ്റ്റിന്‍ഡീസ് ടീമില്‍ താരതമ്യേന പുതുമുഖങ്ങളാണ് കൂടുതലുള്ളത്. ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബ്രാവോ, ഗെയ്ല്‍, പൊള്ളാര്‍ഡ് തുടങ്ങിയ പരിചയസമ്പന്നര്‍ വിട്ടുനില്‍ക്കുന്നത്.