ജൊഹന്നസ്‌ബര്‍ഗ്: മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ അടിയറവുപറഞ്ഞ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. മുന്‍നിരയ്ക്ക് പിന്നാലെ മധ്യനിര അതിവേഗം കൂടാരം കയറിയ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 68 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റിന് 163 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഭുവനേശ്വര്‍ കുമാര്‍ 12 റണ്‍സുമായും ഇശാന്ത് ശര്‍മ്മ അക്കൗണ്ട് തുറക്കാതെയും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി മോണി മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ഫെഹ്‌ലുക്വ എന്നിവര്‍ രണ്ടും റബാഡയും എന്‍ഗിറ്റിയും ഓരോ വിക്കറ്റും വീഴ്ത്തി.

തുടക്കത്തിലെ ഓപ്പണര്‍മാരായ മുരളി വിജയ്(എട്ട്), കെ എൽ രാഹുൽ(പൂജ്യം) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. മുരളി വിജയ്‌, റബാഡയുടെ പന്തിലും രാഹുൽ ഫിലാൻഡറിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ ക്വിന്റൺ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.രണ്ട് വിക്കറ്റിന് 13 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോലി-പൂജാര സഖ്യം ഭേദപ്പെട്ട കൂട്ടുകെട്ടിലൂടെ കരകയറ്റാന്‍ ശ്രമിച്ചു. നായകന്‍ വിരാട് കോലിയും അര്‍ദ്ധ സെഞ്ചുറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. 

രണ്ട് തവണ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത് മുതലാക്കിയ കോലി 106 പന്തില്‍ നിന്ന് 16-ാം അര്‍ദ്ധ സെഞ്ചുറിയിലേക്കെത്തി. എന്നാല്‍ സ്കോര്‍ 97ല്‍ നില്‍ക്കേ 54 റണ്‍സെടുത്ത കോലിയെ മടക്കി എന്‍ഗിറ്റി ഇന്ത്യയുടെ നടുവൊടിച്ചു. കോലിക്ക് പിന്നാലെയെത്തിയത് രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരന്‍ അജിങ്ക്യ രഹാന. എന്നാല്‍ വിദേശ പിച്ചിലെ പ്രതിരോധ മതില്‍ 27 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് മോര്‍ക്കലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഇതിനിടെ ഇഴഞ്ഞുനീങ്ങിയ ടെസ്റ്റ് സ്‌പെഷലിസ്റ്റ് പൂജാര 106 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറിയിലെത്തി. 50 റണ്‍സെടുത്ത പൂജാരയെ മടക്കി ഫെഹ്‌ലുക്വയോ ഞെട്ടിച്ചതോടെ ഇന്ത്യന്‍ മധ്യനിരയുടെ തകര്‍ച്ച പൂര്‍ത്തിയായി. പ്രതീക്ഷകള്‍ അധികം നല്‍കാതെ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേലും(2) വന്നപോലെ മടങ്ങി. വെടിക്കെട്ട് ഇന്നിംഗ്സ് സ്വപനം കാണാന്‍ പോലും സമയം നല്‍കാതെ ഹര്‍ദിക് പാണ്ഡ്യയും നാല് പന്തില്‍ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറി. വാലറ്റത്ത് ഭുവനേശ്വര്‍ കുമാറിനൊപ്പം പ്രതിരോധത്തിന് ശ്രമിച്ച മുഹമ്മദ് ഷമി എട്ട് റണ്‍സെടുത്ത് ഫിലാന്‍ഡറിന് മുന്നില്‍ കീഴടങ്ങിയതോടെ പതനം ഏറെക്കുറെ പൂര്‍ത്തിയായി.

മൂന്നാം ടെസ്റ്റിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അഞ്ചു പേസര്‍മാരുമായി കളിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതോടെ അശ്വിന് പകരക്കാരനായി ഭുവനേശ്വര്‍കുമാറിന് ടീമിലേക്ക് വഴിയൊരുങ്ങി. ആദ്യ ടെസ്റ്റുകളിൽ മങ്ങിപ്പോയതിന് ഏറെ പഴികേട്ട രോഹിത് ശര്‍മ്മയെ ഒഴിവാക്കി പകരം അജിന്‍ക്യ രഹാനയെ ടീമിൽ ഉള്‍പ്പെടുത്തുകയും ചെയ്തു. ആദ്യ രണ്ടു കളികളും തോറ്റ ഇന്ത്യ ഇതിനോടകം ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നിൽ അടിയറവ് പറഞ്ഞുകഴിഞ്ഞു. ആശ്വാസജയം തേടിയാണ് കോലിപ്പട ജൊഹാനസ്ബര്‍ഗിൽ കളിക്കുന്നത്.