ഇരുവരും 159 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പരമ്പരയില്‍ ഇതുവരെ ഫോമാവാതിരുന്ന രഹാനെ  സ്റ്റുവര്‍ട്ട് ബ്രോഡിന് വിക്കറ്റ് നല്‍കി മടങ്ങി.

നോട്ടിങ്ഹാം: തുടക്കത്തില്‍ തകര്‍ച്ചയ്ക്ക് ഇംഗ്ലണ്ടിനെതിരേ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിട്ടുണ്ട്. നോട്ടിങ്ഹാമില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുല്‍ (23) ശിഖര്‍ ധവാന്‍ (35) എന്നിവര്‍ ചേര്‍ന്ന് 60 റണ്‍ കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടര്‍ച്ചായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ആദ്യ മൂന്ന് വിക്കറ്റുകളും നേടിയത് ക്രിസ് വോക്‌സായിരുന്നു. ധവാന്‍ സ്ലിപ്പില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാമനായെത്തിയ ചേതേശ്വര്‍ പൂജാരയും നിരാശപ്പെടുത്തി. 14 റണ്‍സ് മാത്രം നേടിയ പൂജാര റാഷിദ് ഖാന് ക്യാച്ച് നല്‍കി മടങ്ങി. 

എന്നാല്‍ വിരാട് കോലിയും (97) ഉപനായകന്‍ അജിന്‍ക്യ രഹാനെയും (81) ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 159 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പരമ്പരയില്‍ ഇതുവരെ ഫോമാവാതിരുന്ന രഹാനെ സ്റ്റുവര്‍ട്ട് ബ്രോഡിന് വിക്കറ്റ് നല്‍കി മടങ്ങി. അലിസ്റ്റര്‍ കുക്കിനായിരുന്നു ക്യാച്ച്. സെഞ്ചുറിക്ക് മൂന്ന് റണ്‍ അകലെ വച്ച് കോലിയും വീണും. റാഷിദ് ഖാന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സ് ക്യാച്ചെടുത്ത് പുറത്താക്കി.

ഹാര്‍ദിക് പാണ്ഡ്യ (58 പന്തില്‍ 18) പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ദിവസത്തിന്റെ അവസാനം പുറത്തായി. ജയിംസ് ആന്‍ഡേഴ്‌സണായിരുന്നു വിക്കറ്റ്. പാണ്ഡ്യ മടങ്ങിയതോടെ ആദ്യദിവസത്തെ കളി നിര്‍ത്തുകയായിരുന്നു. ഋഷഭ് പന്ത് (32 പന്തില്‍ 22) ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി വോക്‌സ് മൂന്നും റഷീദ്, ആന്‍ഡേഴ്‌സണ്‍, ബ്രോഡ് എ്ന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.