വാതുവയ്പുകാര്‍ക്ക് അനുകൂലമായി പിച്ചില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം

മുംബൈ: ഗോളില്‍ 2017 ജൂലൈയില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ടെസ്റ്റില്‍ വാതുവയ്പുകാര്‍ക്ക് അനുകൂലമായി പിച്ചില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം. മുംബൈയില്‍ നിന്നുള്ള മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ റോബിന്‍ മോറിസ് ഇക്കാര്യം സമ്മതിച്ചതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ ഡേവിഡ് ഹാരിസണ്‍ ഒളിക്യാമറ ഓപ്പറേഷനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശ്രീലങ്കക്കെതിരെ ഇതേ സ്റ്റേഡിയത്തില്‍ 2016 ഓഗസ്റ്റില്‍ നടന്ന മത്സരത്തിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോള്‍ സ്റ്റേഡിയത്തിലെ അസിസ്റ്റന്‍റ് മാനേജര്‍ തരംഗ ഇന്‍ഡികയ്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ പിച്ചില്‍ കൃത്രിമം നടന്നതായി ഏതെങ്കിലുമൊരു താരം അറിഞ്ഞിരുന്നോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ചതായി ഐസിസി അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അലക്സ് മാര്‍ഷല്‍ അറിയിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. എല്ലാത്തര അന്വേഷണവുമായി സഹകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.