ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന‍്‍ വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചുറകുമുളപ്പിച്ചത്. 270 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 35 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 190 റണ്‍സെന്ന നിലയിലാണ്. കോലി 77 റണ്‍സുമായും രഹാനെ 51 റണ്‍സെടുത്തും ക്രീസിലുണ്ട്. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് 62-2 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഇരുവരും കരകയറ്റുകയായിരുന്നു. 15 ഓവറും എട്ട് വിക്കറ്റും ബാക്കിനില്‍ക്കേ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 80 റണ്‍സ് കൂടി മതി.
മികച്ച കൂട്ടുകെട്ടിലേക്ക് ഓപ്പണര്‍മാര്‍ നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ രോഹിതിനെ(20) പുറത്താക്കി മോര്‍ക്കല്‍ ഞെട്ടിച്ചു. പിന്നീട് ധവാനൊപ്പം ചേര്‍ന്ന കോലി സുരക്ഷിതമായി ടീം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ അനാവശ്യ റണ്‍സിനോടിയ ധവാന്‍(35) മര്‍ക്രാമിന്‍റെ തകര്‍പ്പന്‍ ത്രോയില്‍ വീണു. മൂന്നാം വിക്കറ്റില്‍ കോലി-രഹാനെ സഖ്യം വിക്കറ്റ് വലിച്ചെറിയാതെ ശ്രദ്ധയോടെ കളിച്ചപ്പോള്‍ ഇന്ത്യ സുരക്ഷിതമായ സ്കോറിലേക്കെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സിലവസാനിച്ചിരുന്നു.
ഒമ്പതാം ഏകദിന സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ(120) മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ചഹല്‍-കുല്‍ദീപ് സ്‌പിന്‍ ദ്വയത്തിന് മുന്നില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് നായകന്‍ ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യശ്വേന്ദ്ര ചഹല്‍ രണ്ടും പേസര്‍മാരായ ഭുവനേശ്വറും ഭൂംമ്രയും ഓരോ വിക്കറ്റുകളും നേടി. ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്(37), ഡി കോക്ക്(37), ഫെഹ്ലുക്വയോ(27) എന്നിങ്ങനെയാണ് മറ്റ് പ്രോട്ടീസ് താരങ്ങളുടെ ഉയര്‍ന്ന സ്കോര്‍.
