ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡച്ചുകാര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. തിയറി ബ്രിങ്ക്മാൻ, മിങ്ക് വാൻഡർ വീർഡൻ എന്നിവരാണ് നെതർലൻഡ്സിനായി ഗോളുകള്‍ നേടിയത്

ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ പുറത്തായി ക്വാട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍റിസിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡച്ചുകാര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. തിയറി ബ്രിങ്ക്മാൻ, മിങ്ക് വാൻഡർ വീർഡൻ എന്നിവരാണ് നെതർലൻഡ്സിനായി ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ ആശ്വാസഗോൾ ആകാശ്ദീപ് സിങ് പന്ത്രണ്ടാം മിനുട്ടില്‍ നേടി. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ നേരിടും.

മൽസരത്തിന്‍റെ പന്ത്രണ്ടാം മിനുട്ടിലാണ് ആകാശ്ദീപ് സിങ് ഇന്ത്യയെ മുന്നില്‍ എത്തിച്ചത്. പെനൽറ്റി കോർണറിൽനിന്ന് ഡച്ച് വലയിലേക്ക് ഒരു കാര്‍പ്പറ്റ് ഷോട്ടാണ് ആകാശ് പായിച്ചത്. എന്നാല്‍ ഈ ലീഡിന് അധിക ആയുസുണ്ടായിരുന്നില്ല. 15–ാം മിനിറ്റിൽ തിയറി ബ്രിങ്ക്മാനിലൂടെ നെതർലൻഡ്സ് ഒപ്പമെത്തി. പിന്നീട് ലീഡു ലക്ഷ്യമാക്കി ഇരു ടീമുകളും പൊരുതിയെങ്കിലും ഗോൾ അകന്നുനിന്നു. 

ഒടുവിൽ അവസാന ക്വാർട്ടറിൽ നെതർലൻഡ്സിന് അനുകൂലമായി ലഭിച്ച പെനൽറ്റി കോർണറിൽനിന്നാണ് വിജയഗോൾ പിറന്നത്. പെനൽറ്റി കോർണറിൽനിന്ന് മിങ്ക് വാൻഡെർ വീർഡെൻ ലക്ഷ്യം കാണുമ്പോൾ മത്സരം അമ്പതാം മിനുട്ടിലായിരുന്നു. ശേഷിച്ച 10 മിനിറ്റിൽ ഇന്ത്യ മുഴുവന്‍ ആക്രമണവും പുറത്തെടുത്തെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ മാത്രം അകന്നുനിന്നു.