നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു. ഹാമില്‍ട്ടണില്‍ 13 ഓവറുകള്‍ക്കിടെ അഞ്ച് മുന്‍നിര ബാറ്റ്സ്‌മാന്‍മാര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അരങ്ങേറ്റത്തില്‍ ഗില്ലിന് നിരാശ.

ഹാമില്‍ട്ടണ്‍: കിവീസിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച. ഹാമില്‍ട്ടണില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്ത് 13 ഓവറുകള്‍ക്കിടെ അഞ്ച് ബാറ്റ്സ്‌മാന്‍മാര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. തുടക്കത്തിലെ ഓപ്പണര്‍മാരെ പുറത്താക്കി ബോള്‍ട്ടാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ധവാനെ(13) ആറാം ഓവറിലെ അഞ്ചാം പന്തില്‍ ബോള്‍ട്ട് എല്‍ബിയില്‍ പുറത്താക്കി. എട്ടാം ഓവറിലെ അവസാന പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മയെ(7) ബോള്‍ട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. 200-ാം ഏകദിനത്തില്‍ തിളങ്ങാന്‍ ഹിറ്റ്‌മാനായില്ല. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ട് ഓവറില്‍ 23.

വിക്കറ്റ് കൊഴിച്ചില്‍ അവിടംകൊണ്ട് നിന്നില്ല. 11-ാം ഓവറില്‍ റായുഡുവിനെയും(0) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയും(0) മടക്കി ഡ്രാന്‍ഡ്‌ഹോം ആഞ്ഞടിച്ചു. ഗപ്റ്റിലിന്‍റെ കൈകളില്‍ റായുഡു അവസാനിച്ചപ്പോള്‍ കാര്‍ത്തിക് ലഥാമില്‍ അവസാനിച്ചു. എന്നാല്‍ 12-ാം ഓവറിലെ അവസാന പന്തില്‍ ഗില്ലിനെയും(9) പുറത്താക്കി ബോള്‍ട്ട് ഇന്ത്യയെ ഞെട്ടിച്ചു. 

13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കേദാര്‍ ജാദവും(0) ഹര്‍ദിക് പാണ്ഡ്യയുമാണ്(1) ക്രീസില്‍.