സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ 335 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 10 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ മോര്‍ക്കലും അക്കൗണ്ട് തുറക്കും മുമ്പ് ചേതേശ്വര്‍ പൂജാരയെ ലങ്കി ഗിറ്റിയും പുറത്താക്കി. 20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 60 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ വിരാട് കോലി 27 റണ്‍സുമായും മുരളി വിജയ് 23 റണ്‍സെടുത്തും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് 275 റണ്‍സ് കൂടി വേണം.

ലോകേഷ് രാഹുല്‍ 10-ാം ഓവറില്‍ മോണി മോര്‍ക്കലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ പൂജാരയെ അതേ ഓവറില്‍ ഗിറ്റി റണൗട്ടാക്കുകയായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 335ന് പുറത്തായിരുന്നു. രണ്ടാം ദിനം ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ദിനം അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. നായകന്‍റെ ഇന്നിംഗ്സ് കളിച്ച ഫാഫ് ഡുപ്ലസിസ് 142 പന്തില്‍ 63 റണ്‍സ് കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാം(94), ഹാഷിം അംല(82) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. ഡീന്‍ എള്‍ഗര്‍ 31 റണ്‍സെടുത്തും എബി ഡിവില്ലേഴ്സ് 20 റണ്‍സെടുത്തും പുറത്തായി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലും ഇശാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.