കേപ്‌ടൗണ്‍: ന്യൂലന്‍ഡിലെ വരണ്ട മണ്ണ് ബൗളര്‍മാര്‍ക്ക് മക്കയായപ്പോള്‍ ആദ്യ ദിനം വിക്കറ്റ് മഴ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 286 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അക്കൗണ്ട് തുറക്കാതെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.
ഒരു റണ്‍സെടുത്ത മുരളി വിജയിയെ വീഴ്ത്തി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കി. തൊട്ടടുത്ത ഓവറില്‍ പരിക്കില്‍ നിന്ന് മുക്തനായെത്തിയ ഡെയ്ല്‍ സ്റ്റെയ്ന്‍ ശിഖര്‍ ധവാനെ(16) മടക്കി മടങ്ങിവരവ് ഗംഭീരമാക്കി. ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ വിക്കറ്റ് വീഴ്ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയ വിരാട് കോലിയും അതിവേഗം കൂടാരം കയറി. മോണി മാര്‍ക്കലിന്‍റെ പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് കോലി വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കി പുറത്തായി.
ഏഴ് വിക്കറ്റ് അവശേഷിക്കേ 258 റണ്‍സ് പിന്നിലാണ് ഇന്ത്യ. നേരത്തെ ഗ്രീന്‍ ടോപ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 286ന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത്. ആര്‍ അശ്വിന്‍ രണ്ടും ഷമിയും ഭൂമ്രയും പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്സും(65) ഡുപ്ലസിസും(62) അര്‍ദ്ധ സെഞ്ചുറി നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ എല്‍ഗാറിനെ(0) നഷ്ടമായി. അടുത്ത ഓവറുകളില്‍ മക്രം(5), അംല(3) എന്നിവരും ഭുവനേശ്വര്‍കുമാറിന് കീഴടങ്ങിയതോടെ മൂന്നിന് 12 റണ്‍സ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എബി ഡിവില്ലേഴ്സ്-ഫാഫ് ഡുപ്ലസി സഖ്യം ആതിഥേയരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. എന്നാല്‍ സ്കോര്‍ 126ല്‍ നില്‍ക്കേ 65 റണ്‍സെടുത്ത ഡിവില്ലേഴ്സിനെ പുറത്താക്കി ഭൂംമ്ര കൂട്ടുകെട്ട് പൊളിച്ചു.
അധികം വൈകാതെ ഫാഫ് ഡുപ്ലസി പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് പവലിയനിലേക്ക് മടങ്ങി. ഫിലാന്‍ഡറിനെ കൂട്ടുപിടിച്ച് 43 റണ്‍സെടുത്ത ഡി കോക്ക് ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിച്ച് ഭുവി ഒരിക്കല്‍ കൂടി വില്ലനായി. ഫിലാന്‍ഡര്‍ 23 റണ്‍സും കേശവ് മഹാരാജ് 35 റണ്‍സും റബാദ 26 റണ്‍സുമെടുത്ത് വാലറ്റത്ത് ചെറുത്തുനിന്നു. എന്നാല്‍ 73-ാം ഓവറില്‍ മോണി മോര്‍ക്കലിനെ അശ്വിന്‍ എല്‍ബിഡബ്ലുവില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 286ല്‍ അവസാനിച്ചു.
