മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍ ഹനുമ വിഹാരി (8) യുടെ വിക്കറ്റാണ് നഷ്ടമായത്. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57  ണ്‍സെടുത്തിട്ടുണ്ട്.  അരങ്ങേറ്റതാരം മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (10) എന്നിവരാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ ഏക വിക്കറ്റ് വീഴ്ത്തിയത്.

40 റണ്‍സാണ് ആദ്യ വിക്കറ്റില്‍ അഗര്‍വാള്‍ - വിഹാരി സഖ്യം കൂട്ടിച്ചേര്‍ത്തത്. ഫോമിലല്ലാത്ത കെ.എല്‍ രാഹുല്‍, മുരളി വിജയ് എന്നിവര്‍ക്ക് പകരമായിട്ടാണ് ഇരുവരും ഓപ്പണര്‍മാരുടെ റോളിലെത്തിയത്. എന്നാല്‍ അവസരം മുതലാക്കാന്‍ വിഹാരിക്ക് സാധിച്ചില്ല. കമ്മിന്‍സിന്റെ ബൗണ്‍സ് കളിക്കാനുള്ള ശ്രമം സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ അവസാനിച്ചു. അഗര്‍വാള്‍ ഇതുവരെ  മൂന്ന് ഫോറുകള്‍ പായിച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി.