നിതീഷിനെ ഓള്‍ റൗണ്ടറായി വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ആവശ്യമായ മത്സരപരിചയം നല്‍കാനാണ് ടീമിലെടുക്കുന്നത്.
രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിരാശപ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ തുറന്നടിച്ച് ഇന്ത്യൻ സഹപരീശലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ. രണ്ടാം ഏകദിനത്തില്‍ ഏഴാമനായി ക്രീസിലിറങ്ങിയ നിതീഷ് 21 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായിരുന്നു. മത്സരത്തില്‍ രണ്ടോവര്‍ മാത്രം പന്തെറിഞ്ഞ നിതീഷ് 13 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിതീഷിന്‍റെ പ്രകടനത്തിലെ നിരാശ പങ്കുവെച്ചത്.
നിതീഷിനെ ഓള്‍ റൗണ്ടറായി വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ആവശ്യമായ മത്സരപരിചയം നല്‍കാനാണ് ടീമിലെടുക്കുന്നത്. എന്നാല്‍ അവസരം കിട്ടുമ്പോഴൊന്നും വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ അവന് കഴിഞ്ഞിട്ടില്ല. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി ടീമില്‍ ഇടം ഉറപ്പിക്കാനാണ് അവന്‍ ശ്രമിക്കേണ്ടത്.
അവന് അവസരം മുതലാക്കാനുള്ള മികച്ച അവസരമായിരുന്നു രണ്ടാം ഏകദിനം. കാരണം അവന്‍ ക്രീസിലെത്തുമ്പോള്‍ 15 ഓവറോളം ബാക്കിയുണ്ടായിരുന്നു. അത്തരം അവസരങ്ങള്‍ മുതലെടുത്ത് മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥാനമുറപ്പാക്കാനാണ് നിതീഷ് ശ്രമിക്കേണ്ടതെന്നും ഡോഷെറ്റെ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യക്ക് ടീം കോംബിനേഷനില്‍ പിഴവ് പറ്റിയെന്നും ഡോഷെറ്റെ പറഞ്ഞു.
കാരണം രാജ്കോട്ടിലെ വിക്കറ്റില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ മികവ് കാട്ടിയത് കണ്ടപ്പോള്‍ നിതീഷിന് പകരം ഒരു സ്പിന്നറെ ടീമില്‍ കളിപ്പിക്കാമായിരുന്നുവെന്ന് തോന്നി. വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റ് മടങ്ങിയപ്പോള്‍ രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പാണ് പകരക്കാരനായ ആയുഷ് ബദോനി ടീമിലെത്തിയത്. അതുകൊണ്ടാണ് നിതീഷിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ പന്തെറിയുന്നതുകണ്ടപ്പോൾ നമുക്കും ഒരു സ്പിന്നറെ അധികമായി കളിപ്പിക്കാമായിരുന്നുവെന്ന് തോന്നിപ്പോയി.ഏകദിന പരമ്പരകള്‍ക്കിടയിലെ ഇടവേളകള്‍ രോഹിതിന്‍റെ ബാറ്റിംഗിലെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെന്നും ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം ഇതിന് തെളിവാണെന്നും ഭാവിയിലും രോഹിത്തിന് ഇത് വലിയ വെല്ലുവിളിയാണെന്നും ഡോഷെറ്റെ പറഞ്ഞു.


