ബാറ്ററും ഓപ്പണറുമെന്ന നിലയില്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആവശ്യമില്ലായിരുന്നുവെന്ന് ഹനുമാ വിഹാരി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

ഹൈദരാബാദ്: ബാറ്ററെന്ന നിലയില്‍ ആവശ്യമുണ്ടായിട്ടല്ല യഥാര്‍ത്ഥത്തില്‍ മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തതെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം ഹനുമാ വിഹാരി. ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നടന്ന താര കൈമാറ്റത്തില്‍ രവീന്ദ്ര ജഡേജയെയയും സാം കറനെയും വിട്ടുകൊടുത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗസ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജു സാംസണെ ടീമിലെത്തിച്ചത്. ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു ഐപിഎല്ലിലെ ഏറ്റവും വലിയ താരകൈമാറ്റങ്ങളൊന്ന് നടന്നത്.

എന്നാല്‍ ബാറ്ററും ഓപ്പണറുമെന്ന നിലയില്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആവശ്യമില്ലായിരുന്നുവെന്ന് ഹനുമാ വിഹാരി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. കാരണം, ചെന്നൈ ടീമില്‍ ഓപ്പണര്‍മാരായി പരിഗണിക്കാന്‍ റുതുരാജ് ഗെയ്ക്‌വാദും ആയുഷ് മാത്രെയും ഉര്‍വില്‍ പട്ടേലുമെല്ലാമുണ്ട്. എന്നാല്‍ സഞ്ജുവിന് ദക്ഷിണേന്ത്യയില്‍ എവിടെ കളിച്ചാലും ലഭിക്കുന്ന വലിയ ആരാധക പിന്തുണയാണ് യഥാര്‍ത്ഥത്തില്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈയെ പ്രേരിപ്പിച്ചതെന്നും ഹനുമാ വിഹാരി വ്യക്തമാക്കി. സഞജുവിന് ദക്ഷിണേന്ത്യയില്‍ അഭൂതപൂര്‍വമായ ആരാധക പിന്തുണയാണുള്ളത്. സഞ്ജു കളിക്കാന്‍ പോകുന്ന ഇടങ്ങളിലെല്ലാം അവനുവേണ്ടി കൈയടിക്കാന്‍ ആരാധകരെത്തും. ഈ ആരാധക പിന്തുണയാണ് ചെന്നൈ അവനെ ടീമിലെടുക്കന്‍ കാരണം.

ഐപിഎല്‍ എന്നാൽ ക്രിക്കറ്റ് മാത്രമല്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ക്കാണ് തെറ്റ് പറ്റിയത്. അതിന് പിന്നില്‍ മറ്റുപല വാണിജ്യ താല്‍പര്യങ്ങളുമുണ്ട്. ഒരു കളിക്കാരനെ ടീമിലെത്തിക്കുമ്പോള്‍ വാണിജ്യ താല്‍പര്യങ്ങളും ടീം ഉടമകളുടെ പ്രധാന പരിഗണനയാണ്. ക്രിക്കറ്റ് മാത്രമാണ് സഞ്ജു ചെന്നൈ ടീമിലെത്താന്‍ കരണമെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അത് തെറ്റായ ചിന്തയാണ്.

കാരണം, ഓപ്പണര്‍മാരായി പരിഗണിക്കാവുന്ന ഒന്നിലേറെ താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ചെന്നൈ വീണ്ടുമൊരു ഓപ്പണറെ തേടേണ്ടതില്ലല്ലോ. സഞ്ജുവിന്‍റെ വരവ് ചെന്നൈയുടെ ടോപ് ഓര്‍ഡറില്‍ മത്സരം ഒന്നു കൂടി കടുപ്പിക്കും. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തിന് പകരം മൂന്നാം നമ്പറിലാകും ചെന്നൈ പരിഗണിക്കാന്‍ സാധ്യതയെന്നും ഹനുമാ വിഹാരി വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയശേഷം രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മൂന്നാം നമ്പറിലാണ് സഞ്ജു കളിച്ചതെന്നും വിഹാരി ചൂണ്ടിക്കാട്ടി. സഞ്ജുവിന്‍റെ അഭാവത്തില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവന്‍ഷി തിളങ്ങിയതോടെയാണ് സഞ്ജു ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്ത് മൂന്നാം സ്ഥാനത്തേക്ക് മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക