ഇന്ത്യയെ പോലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ച വിന്‍ഡീസും സെമിയിൽ വീണു. 72 റൺസ് ജയത്തോടെ ഫൈനലിലെത്തിയ ഓസീസിന് ഞായറാഴ്ച നാലാം കിരീടത്തിനുളള അവസരമാണ് ഒരുങ്ങിയിട്ടുളളത്

ആന്‍റിഗ്വ: ട്വന്‍റി 20 വനിതാ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായി. വിന്‍ഡീസിനെ തോൽപ്പിച്ച ഓസ്ട്രേലിയയും ഫൈനലിലെത്തി.

സെമികടന്പയിൽ തട്ടിവീഴുകയായിരുന്നു വീണ്ടും ഇന്ത്യന്‍ പെൺപട. രാജ്യത്ത് വനിതാക്രിക്കറ്റിന്‍റെ മുഖമായ മിതാലി രാജിനെ പുറത്തിരുത്തി സെമിക്കിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ സ്പിന്‍കെണിയിലാണ് കുരുങ്ങി വീണത്. 34 റൺസെടുത്ത സ്മൃതി മന്ദാന ഭേദപ്പെട്ട തുടക്കം നൽകി. എന്നാല്‍ 14 ാം ഓവറില്‍ 2 ന് 89 എന്ന നിലയിൽ നിന്ന് 112 ല്‍ ഇന്ത്യ ബാറ്റു താഴ്ത്തി. ഹര്‍മന്‍പ്രീതിന് 16 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 24 റൺസിനിടെ 2 വിക്കറ്റ് വീഴ്ത്തി ഭീതിയിലാഴ്ത്തിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. എയ്മി ജോണ്‍സും നതാലി സ്കീവറും ഇന്ത്യന്‍ പ്രതീക്ഷയെ അടിച്ചകറ്റി. എയ്മി 53 ഉം നതാലി 52 ഉം റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലിഷ് പെണ്‍പോരാളികള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. നേരത്തെ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്‍റെ വനിതാ ടീം കിരീടം നേടിയത്.

ഇന്ത്യയെ പോലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ച വിന്‍ഡീസും സെമിയിൽ വീണു. 72 റൺസ് ജയത്തോടെ ഫൈനലിലെത്തിയ ഓസീസിന് ഞായറാഴ്ച നാലാം കിരീടത്തിനുളള അവസരമാണ് ഒരുങ്ങിയിട്ടുളളത്.