എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയോട് തോറ്റ് ഇന്ത്യ പുറത്ത്. ഒരു ഗോളിനാണ് ശക്തരായ കൊറിയയോട് ഇന്ത്യ പരാജയപ്പെട്ടത്. 68ാം മിനിറ്റില്‍ ജിയോങ്ങാണ് കൊറിയയുടെ ഗോള്‍ നേടിയത്.

കോലലംപുര്‍: എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയോട് തോറ്റ് ഇന്ത്യ പുറത്ത്. ഒരു ഗോളിനാണ് ശക്തരായ കൊറിയയോട് ഇന്ത്യ പരാജയപ്പെട്ടത്. 68ാം മിനിറ്റില്‍ ജിയോങ്ങാണ് കൊറിയയുടെ ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടം തുടങ്ങിയ ശേഷം ഇന്ത്യ വഴങ്ങുന്ന ആദ്യ ഗോളാണിത്. കൊറിയക്കെതിരേ വിജയിച്ചിരുന്നെങ്കില്‍ അടുത്ത വര്‍ഷം പെറുവില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യക്ക് നേരിട്ട് യോഗ്യ ലഭിക്കുമായിരുന്നു. 

മത്സരത്തിലുടനീളം ഗോള്‍ കീപ്പര്‍ നീരജ് കുമാറിന്റെ പ്രകടനാണ് നിര്‍ണായകമായത്. ആദ്യപകുതിയില്‍ തന്നെ ഗോളെന്നുറച്ച് മൂന്നില്‍ കൂടുതല്‍ ഷോട്ടുകളാണ് നീരജ് രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ താരം അതേ പ്രകടനം തുടര്‍ന്നു. എന്നാല്‍ കൊറിയന്‍ താരത്തിന്റെ ഷോട്ട് പണിപ്പെട്ട് തട്ടിയകറ്റുമ്പോള്‍ റീബൗണ്ട് ചെയ്ത പന്തിലേക്ക് ജിയോങ് ഓടിയെത്തിയിരുന്നു. ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള ഒരവസരം പോലും കൊറിയന്‍ താരങ്ങള്‍ നല്‍കിയില്ല.

കരുത്തരായ ദക്ഷിണ കൊറിയക്കെതിരേ പ്രതിരോധിച്ച കളിക്കുകയെന്ന തന്ത്രമാണ് ഇന്ത്യ പയറ്റിയത്. ഇറാനെതിരേയും ഇന്തോനേഷ്യക്കെതിരേയും തോല്‍ക്കാതെ പിടിച്ച് നിര്‍ത്തിയത് നീരജിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു. ആവുന്നത്ര ശ്രമിച്ചെങ്കിലും ഇന്ത്യ ഗോള്‍ വഴങ്ങി.

ആദ്യ പകുതിയില്‍ ഒരിക്കല്‍ മാത്രമണ് ഇന്ത്യക്ക കൊറിയന്‍ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ അവസരം ലഭിച്ചത്. രവി ബഹാദൂറിന്റെ ലോങ് റേഞ്ച് ഷോട്ട് കൊറിയന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. 52ാം മിനിറ്റില്‍ ഗിവ്‌സണ്‍ സിങ്ങിന്റെ തകര്‍പ്പന്‍ ഷോട്ട് കൊറിയന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. വിയറ്റ്‌നാമിനെ 1-0ന് തുടങ്ങിയ ഇന്ത്യ ഇറാനേയും ഇന്തോനേഷ്യയേയും സമനിലയില്‍ തളയ്ക്കുകയായിരുന്നു.