രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട്് 190 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.  

ബെര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട്് 190 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആര്‍. അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് താരം സാം കുറന്റെ (65 പന്തില്‍ 63) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ ഈ സ്‌കോറിലെത്തിച്ചത്. കുറന്‍ തന്നെയാണ് ടോപ് സ്‌കോറര്‍.

ലഞ്ചിന് പിരിയുമ്പോള്‍ ആരിന് 86 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. ലഞ്ചിന് ശേഷം ബട്‌ലര്‍ (1) തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ആദില്‍ റാഷിദിനെ (40 പന്തില്‍ 16) കൂട്ടുപ്പിടിച്ച് കുറാന്‍ ഇംഗ്ലണ്ടിനെ മുന്നോട്ട് കൊണ്ടുപോയി. ഇശാനിായിരുന്നു ബട്‌ലറുടെ വിക്കറ്റ്. പിന്നാലെ സ്റ്റുവര്‍ട്ട് ബ്രോഡും (28 പന്തില്‍ 11) പിടിച്ചുനിന്നതോടെ കുറന്‍ ഒരറ്റത്ത് ആത്മവിസ്വാസത്തോടെ ബാറ്റ് വീശി. എന്നാല്‍ ഉമേഷ് യാദവിന്റെ പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒമ്പതിന് ഒന്ന് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മൂന്നാം ദിനം തുടക്കതില്‍ തന്നെ ജെന്നിങ്‌സിനെ പുറത്താക്കി അശ്വിന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. എട്ട് റണ്‍സ് മാത്രമായിരുന്നു ജെന്നിങ്‌സിന്റെ സമ്പാദ്യം. പിന്നാലെ എത്തിയ ജോ റൂട്ടിനേയും (14) അശ്വിന്‍ മടക്കിയയച്ചു. റൂട്ടും ജെന്നിങ്‌സും കെ.എല്‍ രാഹുലിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.

പിന്നീട് ഇശാന്ത് ശര്‍മ നിറഞ്ഞാടി. ഡേവിഡ് മലാന്‍ (20), ജോണി ബെയര്‍സ്‌റ്റോ (28), ബെന്‍ സ്‌റ്റോക്‌സ് (6) എന്നിവര്‍ ഇശാന്തിന് വിക്കറ്റ് നല്‍കി മടങ്ങി. മൂവരും സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു.