ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്.
നോട്ടിങ്ഹാം: ഇന്ത്യക്കെതിരേ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം ഒരു വിക്കറ്റ് അകലെ. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ അവര്‍ ഒമ്പതിന് 311 എന്ന നിലയിലാണ്. ഇപ്പോഴും 210 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. തകര്‍ച്ചയിലും ജോസ് ബട്‌ലറുടെ (106) സെഞ്ചുറി വേറിട്ട് നില്‍ക്കുന്നു. ഇന്ത്യക്ക് വേണ്ട് ജസപ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് റണ്‍സുമായി ആന്‍ഡേഴ്‌സണും 30 റണ്‍സോടെ ആദില്‍ റഷീദുമാണ് ക്രീസില്‍.
ഇശാന്ത് ശര്‍മയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്‌കോര്‍ 27ല്‍ നില്‍ക്കെ 13 റണ്‍സെടുത്ത കീറ്റണ്‍ ജെന്നിങ്സിനെ ഇശാന്ത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ അലിസ്റ്റര്‍ കുക്കിനേയും ഇശാന്ത് മടക്കി അയച്ചു. സ്ലിപ്പില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു. അടുത്തത് ജോ റൂട്ടിന്റെ ഊഴമായിരുന്നു.
13 റണ്‍സ് മാത്രമെടുത്ത റൂട്ടിനെ ജസ്പ്രീത് ബുംറ പറഞ്ഞയച്ചു. വീണ്ടും സ്ലിപ്പില്‍ രാഹുലിന്റെ കൈകള്‍ രക്ഷയായി. സ്‌കോര്‍ 62ന് മൂന്ന്. പിന്നാലെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഓലി പോപ്പും മടങ്ങി. 16 റണ്‍സെടുത്ത പോപ്പിനെ മുഹമ്മദ് ഷമി മടക്കി. സ്ലിപ്പില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ക്യാച്ച്.
106 റണ്‍സുമായി ബട്‌ലര്‍ പിടിച്ചു നിന്നെങ്കിലും ജോസ് ബട്‌ലറെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ ബെയര്‍സ്‌റ്റോയുടെ കുറ്റി തെറിപ്പിച്ച് ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. അധികം വൈകാതെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ ക്രിസ് വോക്‌സും ബുംറയുടെ മുന്നില്‍ മുട്ടുക്കുത്തി. സ്റ്റുവര്‍ട്ട് ബ്രോഡിനെ കൂടി മടക്കി അയച്ച് ബുംറ തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി. ഇന്ത്യക്ക് വേണ്ടി ഇശാന്ത് രണ്ടും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
