ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റണ്‍സ് വിജയലക്ഷ്യം. റോസ് ടെയ്‌ലര്‍ മികവ് കാട്ടിയെങ്കിലും കിവീസ് 49 ഓവറില്‍ 243 ല്‍ പുറത്തായി. നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടെയ്‌ലര്‍- ലഥാം സഖ്യം ന്യൂസീലന്‍ഡ് ഇന്നിംഗ്സില്‍ നിര്‍ണായകമായി. ഇന്ത്യക്കായി ഷമി മൂന്നും ഭുവിയും ചാഹലും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. രണ്ട് വിക്കറ്റും വണ്ടര്‍ ക്യാച്ചുമായി പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. 

എം എസ് ധോണി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് സ്‌കോര്‍ കാര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ(7) നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ(13) ഭുവി വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ വില്യംസനും ടെയ്‌ലറും കിവീസിന് പ്രതീക്ഷ നല്‍കി. 

എന്നാല്‍ ചാഹലിന്‍റെ പന്തില്‍ വണ്ടര്‍ ക്യാച്ചില്‍ വില്യംസനെ(28) മടക്കി പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. മിഡ് വിക്കറ്റില്‍ ഇടത്തോട്ട് മുഴുനീള ഡൈവിംഗിലായിരുന്നു പാണ്ഡ്യയുടെ സാഹസികത. വില്യംസണ്‍ പുറത്താകുമ്പോള്‍ കിവീസ് സ്‌കോര്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 59. പിന്നീടൊന്നിച്ച ടെയ്‌ലറും ലഥാമും അര്‍ദ്ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ 119 റണ്‍സിന്‍റെ ഈ കൂട്ടുകെട്ട് പൊളിച്ച് 38-ാം ഓവറില്‍ ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചു. 51 റണ്‍സെടുത്ത ലഥാമിന്‍റെ ഷോട്ട് റായുഡുവിന്‍റെ കൈകളില്‍ അവസാനിച്ചു. 

പിന്നാലെ ആറ് റണ്‍സെടുത്ത നിക്കോളിസിനെയും മൂന്ന് റണ്‍സെടുത്ത സാന്‍റ്‌നറെയും പാണ്ഡ്യ പുറത്താക്കി. ഇതോടെ 42 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കിവീസ് ആറ് വിക്കറ്റിന് 201. ഏഴാം ഓവറില്‍ ക്രീസിലെത്തിയ ടെയ്‌ലറെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ഷമി അനുവദിച്ചില്ല. 46-ാം ഓവറിലെ ആദ്യ പന്ത് ബാറ്റിലുരസി കാര്‍ത്തിക്കിന്‍റെ കൈകളില്‍ അവസാനിച്ചു. 106 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതം താരം 93 റണ്‍സെടുത്തു. 

ടെയ്‌ലര്‍ പുറത്തായതോടെ ന്യൂസീലന്‍ഡ് വാലറ്റം അതിവേഗം മടങ്ങി. 48-ാം ഓവറിലെ അവസാന പന്തില്‍ സോധിയെ(12) കോലിയുടെ കൈകളില്‍ ഷമിയെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ കഴിഞ്ഞ മത്സരത്തില്‍ മിന്നിയ ബ്രേസ്‌വെല്ലിനെ(15) കോലി അനായാസം റണ്‍ ഔട്ടാക്കി. അനാവശ്യ റണ്ണിനായി ഓടിയതാണ് ബ്രേസ്‌വെല്ലിന് വിനയായത്. ഭുവിയുടെ ഇതേ ഓവറില്‍ ബോള്‍ട്ട്(2) സ്ലിപ്പില്‍ ഷമിയുടെ കൈകളില്‍ അവസാനിച്ചു.