ധര്‍മശാല: ഇന്ത്യ-ന്യുസീലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ധർമ്മശാലയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. വെള്ളക്കുപ്പായത്തിൽ വിരാട് കൊഹ്‌ലിയും സംഘവും തുടങ്ങിവച്ച ജൈത്രയാത്ര തുടരാൻ എം എസ് ധോണിയുടെ നീലപ്പട ഇറങ്ങുന്നു. മൂന്ന് ടെസ്റ്റുകളിലെ തോൽവിക്ക് പകരം വീട്ടാൻ ന്യുസീലൻഡും. എട്ടുമാസം മുൻപ് ബ്രണ്ടൻ മക്കല്ലം വിരമിച്ചതിന് ശേഷം കിവീസിന്റെ ആദ്യ ഏകദിനം.

ടെസ്റ്റ് പരമ്പരയിലേറ്റ തോൽവിയുടെ സമ്മർദം മറികടക്കുക എന്നത് തന്നെയാണ് കിവീസിന്റെ പ്രധാന വെല്ലുവിളി. പനിപിടിച്ച സുരേഷ് റെയ്നയുടെ അഭാവം മാറ്റിനിര്‍ത്തിയാൽ ഇന്ത്യ പൂർണ സജ്ജം. കൊഹ്‌ലിയും രോഹിത്തും രഹാനെയുമാണ് ബാറ്റിംഗ് കരുത്ത്.കേദാർ ജാദവും ഹർദിക് പാണ്ഡ്യയും ടീമിലുണ്ടാവും. അശ്വിന്റെയും ജഡേജയുടെയും അഭാവത്തിൽ അക്ഷർ പട്ടേലും അമിത് മിശ്രയുമാണ് സ്പിൻ ആക്രമണം നയിക്കുക.

പുതിയ പന്തെറിയാൻ ബൂമ്രയും കുൽക്കർണിയും. കോറി ആൻഡേഴ്സൻ പരുക്ക് മാറിയെത്തിയതോടെ കിവീസ് നിരയും ഉണർന്നിട്ടുണ്ട്. ബൗൺസുള്ള വിക്കറ്റായതിനാൽ ബോൾട്ടിനെയും സൗത്തിയെയും പേടിക്കണം. ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 93 ഏകദിനങ്ങളിൽ. 46ൽ ഇന്ത്യയും 41ൽ കിവീസും ജയിച്ചു.അഞ്ചെണ്ണം ഉപേക്ഷിച്ചു. ഒന്നിൽ ഒപ്പത്തിനൊപ്പം.