പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം മധ്യനിരയുടെ ഭേദപ്പെട്ട പ്രകടത്തിന്റെ മികവിലാണ് കീവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. കീവീസ് ഇന്നിംഗ്സില്‍ ഒരാള്‍ പോലും അര്‍ധസെഞ്ചുറി നേടിയില്ല. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബൂമ്രയും ചാഹലും രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

പിച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലും ടോസ് നേടിയ കീവീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ആ തീരുമാനം തെറ്റിയെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ് വൈകാതെ മനസിലായി. സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സെത്തുന്നതിനിടെ ഗപ്ടില്‍(11), മണ്‍രോ(10), വില്യാംസണ്‍(3) എന്നിവര്‍ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. പിന്നീട് കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പികളായ ടെയ്‌ലറിലും ലതാമിലുമായി കീവീസ് പ്രതീക്ഷകള്‍.

നിലയുറപ്പിച്ചെന്ന് കരുതിയ ടെയ്‌ലറെ(21) മടക്കി ഹര്‍ദ്ദീക് പാണ്ഡ്യ കീവീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ലതാമും(38), നിക്കോള്‍സും(42), ഗ്രാന്‍ഡ്ഹോമും(41), സാന്റനറും(29), സൗത്തിയും(25 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് കീവീസ് ഇന്നിംഗ്സ് 200 കടത്തിയത്.