രാജ്കോട്ട്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ 40 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പമെത്തി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി(1-1). ഇതോടെ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം ട്വന്റി-20 ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 196/2, ഇന്ത്യ 20 ഓവറില്‍ 155/7.

42 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും 36 പന്തില്‍ 49 റണ്‍സെടുത്ത ധോണിയും 23 റണ്‍സെടുത്ത ശ്രേയസ് അയ്യരും മാത്രമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. രണ്ടാം ഓവറില്‍ തന്നെ ശീഖര്‍ ധവാനെ(1)യും രോഹിത് ശര്‍മയെയും(5) വീഴ്‌ത്തി ട്രെന്റ് ബൗള്‍ട്ട് ആണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ശ്രേയസ് അയ്യരും കോലിയും പൊരുതിനോക്കിയെങ്കിലും കീവീസിന്റെ കൂറ്റന്‍ സ്കോറിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ അത് മതിയായില്ല.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഹര്‍ദ്ദീക് പാണ്ഡ്യ(0) ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി. ഇഷ് സോധിക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണിയാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. 36 പന്തില്‍ 49 റണ്‍സെടുത്ത ധോണിക്ക് ഒരു റണ്‍സകലെ അര്‍ധസെഞ്ചുറി നഷ്ടമായി. ന്യൂസിസലന്‍ഡിനായി റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്. ഇഷ് സോധി നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് കോളിന്‍ മണ്‍റോയുടെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍സ്കോര്‍ ഉയര്‍ത്തിയത്.58 പന്തില്‍ ഏഴ് വീതം ബൗണ്ടറിയും സിക്സറുകളും പറത്തി 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെ നിന്നു. ടി20യില്‍ മണ്‍റോയുടെ രണ്ടാം സെഞ്ചുറിയാണിത്. ഓപ്പണിംഗ് വിക്കറ്റില്‍ മണ്‍റോയും ഗപ്ടിലും ചേര്‍ന്ന് 11 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് മണ്‍റോയ്ക്ക് സെഞ്ചുറി സമ്മാനിച്ചത്. നാലു തവണയാണ് മണ്‍റോയെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

ഒരുതവണ റണ്ണൗട്ട് അവസരം ധോണിയും നഷ്ടമാക്കി. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് നാലോവറില്‍ 53 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 39 റണ്‍സ് വഴങ്ങി.വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ ബൂമ്രയും 29 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വറും മാത്രമെ ബൗളിംഗില്‍ തിളങ്ങിയുള്ളു.