ഡര്‍ബന്‍: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആധികാരിക ജയം നേടിയതിന് പിന്നാലെ ടീം ഇന്ത്യയെ തേടി മറ്റൊരു സന്തോഷവാര്‍ത്ത കൂടി. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഐസിസി ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

ഡര്‍ബന്‍ ഏകദിനത്തിന് മുമ്പ് പോയന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയന്റ് മാത്രം പിന്നിലായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 120 പോയന്റ് വീതമാണെങ്കിലും ദശാംശ കണക്കില്‍ ഇന്ത്യയാണ് മുന്നില്‍. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലെ ഫലമനുസരിച്ച് റാങ്കിംഗ് മാറി മറിയാമെങ്കിലും ഏകദിന പരമ്പര 4-2ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തുടരാനാവും.

116 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 112 പോയന്റുമായി ഓസ്ട്രേലിയ നാലാമതുമാണ്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏകദിന റാങ്കിംഗിലും ഒന്നാമതെത്താനായത് നേട്ടമായി. ടന്റി-20 റാങ്കിംഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.