അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യാ– പാക് ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായില്‍ ഇന്ത്യാ--- പാക്കിസ്ഥാന്‍ പരമ്പര നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. നിലവില്‍ പരമ്പര പുനരാംഭിക്കാനുള്ള സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിര്‍ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യാ-- പാക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ദുബായില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്‍റി 20 മത്സരങ്ങളുമുള്ള പരമ്പരയ്‌ക്കാണ് ബിസിസിഐ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടിയിരുന്നത്.