ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 304 റണ്‍സിന്‍റെ തകർപ്പന്‍ ജയം നേടിയപ്പോള്‍ മുഴുവന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരെയും പുറത്താക്കാതെയാണ് വിജയം നേടിയത്. 550 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 245 റണ്‍സിന് പുറത്തായി. 

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ആര്‍.അശ്വിൻ എന്നിവരാണ് ലങ്കയെ തകർത്തത്. 97 റണ്‍സ് നേടിയ കരുണ രത്നെയും 67 റണ്‍സ് നേടിയ ഡിക്‌വല്ലയുമാണ് ലങ്കൻ നിരയിൽ പൊരുതിയത്. പരിക്കേറ്റ് രണ്ടു പേര്‍ ലങ്കന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ എത്തിയില്ല. 

അസീല ഗുണരത്നെ, രങ്കണ ഹെരാത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യ ഇന്നിംഗ്സിലും ഗുണരത്നെ ബാറ്റിംഗിന് എത്തിയിരുന്നില്ല. നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 240/3 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.