നാഗ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ ട്വന്റി-20 മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം മത്സരത്തിലും കണ്ടത്. കെ.എല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പൊഴിച്ചാല്‍ മറ്റെല്ലാം ആദ്യമത്സരത്തിന് സമാനം.

ഇംഗ്ലണ്ട് ടോസ് നേടി. ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. തുടക്കത്തില്‍ കൊഹ്‌ലിയുടെ ആക്രമണം. പിന്നീട് തകര്‍ച്ച. ആദ്യം കൊഹ്‌ലി(21) പിന്നാലെ റെയ്ന(7), യുവരാജ്(4) എന്നിവര്‍ കൂടി കാര്യമായ സംഭാവകളില്ലാതെ മടങ്ങിയതോടെ വന്‍സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രാഹുലാണ് 140ലെങ്കിലും എത്തിച്ചത്. 47 പന്തില്‍ 71 റണ്‍സെടുത്ത രാഹുല്‍ പതിനെട്ടാം ഓവറിലാണ് പുറത്തായത്. ധോണി ക്രീസിലുണ്ടായിട്ടും ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ നഷ്ടമായത് മൂന്ന് വിക്കറ്റ്. നേടിയതാകട്ടെ കേവലം അഞ്ചു റണ്‍സും.

അവസാന ഓവറില്‍ കൂടുതല്‍ സ്ട്രൈക്ക് ലഭിക്കാനായി രണ്ട് റണ്ണൗട്ടുകള്‍ക്ക് കാരണക്കാരനായെങ്കിലും ധോണിക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഏഴു പന്തില്‍ അഞ്ചു റണ്‍സെടുത്ത് ധോണി അവസാന പന്തില്‍ പുറത്തായി.രാഹുലിന് പുറമെ 26 പന്തില്‍ 30 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോയിന്‍ അലി 20 റണ്‍സിന് ഒരു വിക്കറ്റെടുത്തു.