കൊളംബോ: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. വിരാട് കോലി(131), രോഹിത് ശര്‍മ്മ(104) എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു. ഇന്ത്യയ്‌ക്ക് വേണ്ടി മനീഷ് പാണ്ഡെ 50 റണ്‍സും എം എസ് ധോണി 49 റണ്‍സും എടുത്തു. ശ്രീലങ്കയ്‌ക്കുവേണ്ടി എയ്‌ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റും വിശ്വ, ഫെര്‍ണാണ്ടോ, അകില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഏകദിന ക്രിക്കറ്റിലെ ഇരുപത്തിയൊമ്പതാമത്തെ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വെറും 96 പന്ത് നേരിട്ട കോലി 17 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. രോഹിത് ശര്‍മ്മയുടെ പതിമൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് കൊളംബോയില്‍ നേടിയത്. 88 പന്ത് മാത്രം നേരിട്ട രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. കോലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.