റാഞ്ചി: ആദ്യ ദിനം തോളിന് പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് വിശ്രമം ആവശ്യമാണെന്ന് രാഹുലിനും വിജയിനും അറിയാം. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഉയര്‍ത്തിയ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പ്രതിരോധിക്കാനിറങ്ങിയപ്പോള്‍ ഇരുവരും പരമാവധി പിടിച്ചുനിന്നു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 120 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സുമായി വിജയ്‌യും 10 റണ്‍സുമായി പൂജാരയും ക്രീസില്‍.

67 റണ്‍സെടുത്ത രാഹുലിന് സെഞ്ചുറി തികയ്ക്കാനുള്ള യോഗം ഒരിക്കല്‍ കൂടി നഷ്ടമായി. കമിന്‍സിന്റെ അതിവേഗ ബൗണ്‍സറില്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് പിടികൊടുത്ത് മടങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ വിജയ്‌യുമൊത്ത് 91 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് രാഹുല്‍ മടങ്ങിയത്. അതിനുശേഷമെത്തിയ പൂജാര രണ്ടാം ദിനം കോലിക്ക് ക്രീസിലിറങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കി. ബാറ്റ്സ്മാന്‍മാരുടെ മികവില്‍ കോലിക്ക് ഒരുദിനം കൂടി വിശ്രമം ലഭിച്ചു. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ ഇപ്പോഴും ഓസീസ് സ്കോറിന് 331 റണ്‍സ് പുറകിലാണ്.

നേരത്തെ 299/4 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസീസിനായി ഗ്ലെന്‍ മാക്സ്‌വെല്‍ തന്റ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടി. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ മാക്സ്‌വെല്‍(104) വീണെങ്കിലും മാത്യു വെയ്ഡിനെയും(37) ഒക്കീഫേയും(25) കൂട്ടുപിടിച്ച് സ്മിത്ത് നടത്തിയ പോരാട്ടം ഓസീസിനെ 450 കടത്തി. 178 റണ്‍സുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തലകുനിക്കാതെ നിന്ന സ്മിത്ത് ഡിആര്‍എസ് വിവാദത്തിലെ വാശി തീര്‍ത്തു. ഇന്ത്യക്കായി അശ്വിനും ഇഷാന്തും നിറം മങ്ങിയപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവും ഓസീസ് വിക്കറ്റുകള്‍ പങ്കിട്ടു. ഓസീസിന്റെ അവസാന വിക്കറ്റ് റണ്ണൗട്ടായിരുന്നു.