ജോസ് ബട്ട്ലര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കൈവിട്ടതോടെ രാജസ്ഥാന്റെ ശക്തിക്ഷയിച്ചുതുടങ്ങിയിരുന്നു. അവസാന പ്രതീക്ഷയായി നിലകൊണ്ട സഞ്ജു സാംസണ്‍ ചെന്നൈ സുപ്പര്‍ കിങ്സിലേക്ക് ചേക്കേറിയതോടെ അത് പൂര്‍ണമായി
ഈഡൻ ഗാര്‍ഡൻസിലെ ആ ഐതിഹാസ ഇന്നിങ്സിന് ശേഷം രാജസ്ഥാൻ റോയല്‍സ് ആരാധകരുടെ ചിന്തകളിലേക്ക് ഒരു ആഗ്രഹം എത്തിയിട്ടുണ്ടാകണം. സഞ്ജു സാംസണ്‍ ഒരു സീസണ്‍ കൂടി നമുക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു ജനതയുടെ പ്രതീക്ഷകളെ ഒറ്റയ്ക്കയാള്‍ തോളിലേറ്റുന്നത് പിന്നീട് പലകുറി അവര്‍ സാക്ഷിയായി. ഒരേസമയം സന്തോഷവും നിരാശയും രാജസ്ഥാൻ ആരാധകര്‍ അനുഭവിച്ചിട്ടുണ്ടാകും. 18 വര്‍ഷം പിന്നിട്ടിരിക്കുന്നു ഷെയിൻ വോണിന്റെ കുട്ടികള്‍ ആ കിരീടം ഉയര്‍ത്തിയിട്ട്. പുതുനായകന്റെ കീഴില്‍ രാജസ്ഥാൻ ഇറങ്ങുമ്പോള്‍, പ്രധാന ചോദ്യം മറ്റൊന്നുമല്ല. സഞ്ജുവിന്റെ റോള്‍ ചെയ്യാൻ ആരുണ്ട് എന്നത് തന്നെയാണ്
ജോസ് ബട്ട്ലര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കൈവിട്ടതോടെ രാജസ്ഥാന്റെ ശക്തിക്ഷയിച്ചുതുടങ്ങിയിരുന്നു. അവസാന പ്രതീക്ഷയായി നിലകൊണ്ട സഞ്ജു സാംസണ്‍ ചെന്നൈ സുപ്പര്‍ കിങ്സിലേക്ക് ചേക്കേറിയതോടെ അത് പൂര്‍ണമായി. ഇന്ത്യൻ താരങ്ങളാല്‍ സമ്പന്നമാണ് രാജസ്ഥാന്റെ ബാറ്റിങ് നിര. യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ദ്രുവ് ജൂറല്‍, ശുഭം ദുബെ, രവീന്ദ്ര ജഡേജ. ചേര്‍ത്തുവെക്കാനാകുന്ന വിദേശ താരങ്ങള്‍ ഷിമ്രോണ്‍ ഹെറ്റ്മയറും സാം കറണും. ഒറ്റനോട്ടത്തില്‍ ഒരു ടി20 മത്സരത്തിനാവശ്യമായുള്ള എല്ലാ ഫയര്‍ പവറുകളും രാജസ്ഥാൻ ബാറ്റിങ് നിരയിലുണ്ട്.
പക്ഷേ, രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കേവലം ഫയര്‍ പവര്‍ മാത്രമല്ല ടീമിന്റെ വിജയങ്ങളെ സ്വാധിനിക്കുക, അത് സ്ഥിരതയാണ്. ഒരു സീസണിലുടനീളം സ്ഥിരത പുലര്‍ത്താൻ സാധിക്കുന്ന എത്ര ബാറ്റര്‍മാര്‍ രാജസ്ഥാൻ നിരയിലുണ്ട് എന്നതാണ് ചോദ്യം. യശസ്വി ജയ്സ്വാള്‍ എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങും ഉത്തരം. പരാഗ്, ജൂറല്‍, ഹെറ്റ്മയര്‍ എന്നിവര്‍ക്ക് വിരലില്‍ എണ്ണാവുന്ന സീസണുകളില്‍ മാത്രമാണ് പ്രതിഭയ്ക്ക് ഒത്ത് തിളങ്ങാൻ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, തങ്ങളുടേതായ ദിവസങ്ങളില്‍ മത്സരം ഒറ്റയ്ക്ക് നേടാൻ കെല്‍പ്പുള്ളവരാണ് ജയ്സ്വാള്‍, വൈഭവ്, ഹെറ്റ്മയര്‍ എന്നിവര്‍. അത് എത്ര മത്സരങ്ങളില്‍ ആവര്‍ത്തിക്കുമെന്നത് കണ്ട് തന്നെ അറിയണം.
സഞ്ജുവിന് പകരമെത്തിയ സാം കറണും രവീന്ദ്ര ജഡേജയും. സാം കറണിന്റേയും ജഡേജയുടേയും സമീപകാല ടി20 പ്രകടനങ്ങളും ആത്മവിശ്വാസം വര്‍ധിപ്പിക്കാൻ കെല്‍പ്പുള്ളതല്ല. പോയ സീസണില്‍ ചെന്നൈ ബാറ്റര്‍മാര്‍ നിരന്തരം പരാജയപ്പെട്ടപ്പോള്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞിരുന്നു. 135 സ്ട്രൈക്ക് റേറ്റില്‍ 301 റണ്‍സ്. പക്ഷേ, പന്തുകൊണ്ട് കഴിഞ്ഞ കുറച്ച് സീസണുകളിലായി ജഡേജയുടെ പ്രകടനങ്ങള്‍ ശരാശരിക്കും താഴെയാണ്. 28 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ മാത്രം. അതും ചെപ്പോക്കിലെ സാഹചര്യങ്ങളില്‍ക്കൂടി.
ടി20 ലോകകപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷമാണ് കറണ്‍ എത്തുന്നത്. 120 സ്ട്രൈക്ക് റേറ്റില്‍ 167 റണ്‍സും ഏഴ് ഇന്നിങ്സില്‍ ആറ് വിക്കറ്റുമായിരുന്നു കറണിന്റെ സമ്പാദ്യം. എങ്കിലും ഐപിഎല്ലിന്റെ വേഗതയ്ക്ക് എത്രത്തോളം ഇത് സഹായകരമാകുമെന്നതും ആശങ്കയാണ്.
ബാറ്റിങ് നിരയിലെ പോരായ്മകളേക്കാള്‍ വലുപ്പുമുണ്ട് ബൗളിങ് ലൈനപ്പിലേക്ക് കണ്ണോടിച്ചാല്‍. പ്രത്യേകിച്ചും പേസ് നിര. ജോഫ്ര ആര്‍ച്ചര്‍, ആദം മില്‍നെ, തുഷാല്‍ ദേശ്പാണ്ഡെ, ക്വേന മപാക്ക, നന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, കുല്‍ദീപ് സെൻ, സാം കറണ്‍ എന്നിവരാണ് പേസ് നിരയിലെ പ്രധാനികളായി എത്തുന്നത്. ഇതില്‍, സന്ദീപ് ശര്‍മ മാത്രമാണ് ഐപിഎല്ലില്‍ സ്ഥിരതയോടെ എക്കണോമിക്കലായി പന്തെറിഞ്ഞിട്ടുള്ളത്.
ടി20 ലോകകപ്പിലെ ആര്‍ച്ചറിന്റെ എക്കണോമി പത്തിനടുത്താണ്. തുഷാര്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ഓവറില്‍ 11 റണ്‍സോളം വഴങ്ങിയിട്ടുണ്ട്. സമാനമാണ് മപാക്കയുടേയും കുല്‍ദീപ് സെന്നിന്റേയും പ്രകടനങ്ങളും. നന്ദ്രെ ബര്‍ഗര്‍ അവസാനമായി ഐപിഎല്ലിന്റെ ഭാഗമായത് 2024ലാണ്, ആ സീസണില്‍ ആറ് കളികളില്‍ നിന്ന് ഏഴ് വിക്കറ്റായിരുന്നു നേട്ടം.
എന്നാല്‍, പേസര്‍മാരുടെ പോരായ്മകള്‍ പര്‍വതം പോലെ ഉയര്‍ന്ന് നില്‍ക്കുമ്പോഴും രാജസ്ഥാന്റെ സ്പിൻ ഡിപാര്‍ട്ട്മെനറ് ഏറെക്കുറെ ഭദ്രമാണ്. ജഡേജ നയിക്കുന്ന സംഘത്തില്‍ വിക്കറ്റ് ടേക്കറായ രവി ബിഷ്ണോയിയും മലയാളി താരം വിഘ്നേഷ് പുത്തൂരുമുണ്ട്. ബിഷ്ണോയിയുടെ കഴിഞ്ഞ സീസണ്‍ നിരാശ പകരുന്നതായിരുന്നു, സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും തിളങ്ങാനായില്ല, ഏഴ് കളികളില്‍ ഒൻപത് വിക്കറ്റ് മാത്രമായിരുന്നു നേട്ടം.
എല്ലാത്തിലും ഉപരിയായി റിയാൻ പരാഗ് എന്ന നായകൻ. സഞ്ജുവിന് പരുക്ക് പറ്റിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ എട്ട് മത്സരങ്ങളില്‍ നയിക്കാൻ പരാഗിന് അവസരം ലഭിച്ചിരുന്നു, രണ്ട് ജയവും ആറ് പരാജയവുമായിരുന്നു പരാഗിന്റെ കീഴില്‍ രാജസ്ഥാനുണ്ടായത്. ക്യാപ്ൻസി മികവ് ശരാശരിയിലൊതുങ്ങിയപ്പോഴും ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം താരത്തില്‍നിന്നുണ്ടായിരുന്നു. ഇതിന് പുറമെ സീനിയര്‍ താരങ്ങളുടെ സാന്നിധ്യം, അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന വെല്ലുവിളി. പരാഗിന് മുന്നില്‍ കടമ്പകള്‍ ഏറെയാണ്.


