കേപ്‌ടൗണ്‍: കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക പൊരുതുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സും(65 പന്തില്‍ 59) ഫാഫ് ഡൂപ്ലെസിയും(67 പന്തില്‍ 37) അണ് ക്രീസില്‍. എല്‍ഗാര്‍(0), മക്രം(5), അംല(3) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാത്. ഭുവനേശ്വര്‍കുമാറാണ് മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് എല്‍ഗാറിനെ നഷ്ടമായി. തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഓവറുകളിലും ഭുവി വിക്കറ്റ് വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്ക സമര്‍ദ്ദത്തിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡിവില്ലിയേഴ്സും ഡൂപ്ലെസിയും ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു. ഡൂപ്ലെസി പതുക്കെ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഡിവില്ലേഴ്സ് ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ എബിഡി ഫോറടിച്ച് അര്‍ദ്ധ സെഞ്ചുറിയിലേക്കെത്തി.
സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കാത്ത പിച്ചില്‍ അശ്വിന്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക സ്പിന്നര്‍. ഷാമി, ഭുവനേശ്വര്‍കുമാര്‍, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ബൗളര്‍മാര്‍. രഹാനെ പുറത്തിരുന്നപ്പോള്‍ രോഹിത് ശര്‍മ ടീമിലെത്തി. മുരളി വിജയ്‌ക്കൊപ്പം ശീഖര്‍ ധവാനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക നാലു പേസറും ഒരു സ്പിന്നറും എന്ന കോമ്പിനേഷനിലാണ് ടീമിനെ ഇറക്കുന്നത്. സ്റ്റെയിന്‍, മോര്‍ക്കല്‍, റബാഡ, ഫിലാന്‍ഡര്‍, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ബൗളര്‍മാര്‍.
