സെഞ്ചൂറിയന്‍: സൂപ്പര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ തടഞ്ഞുനിര്‍ത്തി ഇന്ത്യയുടെ തിരിച്ചുവരവ്. മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ പോയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയിലാണ്. നായകന്‍ ഫാഫ് ഡുപ്ലസിസ് 24 റണ്‍സുമായും കേശവ് മഹാരാജ് 10 റണ്‍സെടുത്തും ക്രീസിലുണ്ട്. 

മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്ക ഒരവസരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചു. എന്നാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. പിച്ചില്‍ നിന്ന് ലഭിച്ച ടേണ്‍ മുതലെടുത്ത അശ്വിന്‍ ആതിഥേയരെ കറക്കിവീഴ്ത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിനും ഹാഷിം അംലയ്ക്കും സെഞ്ചുറി നഷ്ടമായി.

ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും എയ്ഡന്‍ മര്‍ക്രാമും ചേര്‍ന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഡീന്‍ എല്‍ഗാറും മര്‍ക്രാമും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 31 റണ്‍സെടുത്ത എള്‍ഗാറെയും 94 റണ്‍സെടുത്ത മര്‍ക്രാമിനെയും മടക്കി ആര്‍ അശ്വിന്‍ മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തുടക്കത്തില്‍ പിച്ചില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചില്ല.

പിന്നീടെത്തിയ ഡിവില്ലിയേഴ്‌സിന് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 20 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ഇഷാന്ത് ബൗള്‍ഡാക്കിയെങ്കിലും ഒരറ്റത്ത് അംല ആത്മവിശ്വാസത്തോടെ ബാറ്റുവീശിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലായി. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചു അംലയെ റണൗട്ടാക്കി ഹര്‍ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയെ വീണ്ടും പ്രതിരോധത്തിലാക്കി.

പിന്നീടെത്തിയ ഡികോക്കും വെര്‍ലോണ്‍ ഫിലാന്‍ഡറും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. ഡികോക്ക് അശ്വനു മുന്നില്‍ കുടുങ്ങിയപ്പോള്‍ അനാവശ്യ റണ‍ിന് ഓടിയ ഫിലാന്‍ഡര്‍ റണൗട്ടാവുകയായിരുന്നു. പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയെ പിടിച്ചുനിര്‍ത്തുകയായിരുന്നു ഡുപ്ലസിയും മഹാരാജും. ഇന്ത്യക്കായി പേസര്‍ ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. ശിഖര്‍ ധവാന് പകരം കെ എൽ രാഹുലും, വൃദ്ധിമാൻ സാഹയ്‌ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും ഭുവനേശ്വറിന് പകരം ഇശാന്ത് ശര്‍മ്മയും ടീമിലെത്തി.