ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇന്‍ഡോറില്‍. കട്ടക്കില്‍ 93 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പരമ്പര വിജയമാണ് ഇന്‍ഡോറില്‍ ലക്ഷ്യമിടുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന കളിയില്‍ മലയാളിതാരം ബേസില്‍ തമ്പി അരങ്ങേറിയേക്കും. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരും മികച്ച ഫോമിലാണ്.
അരങ്ങേറ്റ മത്സരം കളിക്കാന്‍ കാത്തിരിക്കുന്ന ബേസില്‍ തമ്പിയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. ബേസിലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഫോം കണ്ടെത്താതെ വിഷമിക്കുന്ന ലങ്കന്‍ ടീമിലും മാറ്റമുണ്ടാവും. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ബാറ്റ്സ്മാന്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഇന്‍ഡോറില്‍ ഒരുക്കിയിരിക്കുന്നത്.
