കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 പരമ്പരക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാവും. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. വിരാട് കോലി വിശ്രമത്തിലായതിനാല്‍ രോഹിത് ശര്‍മ്മയാണ് ട്വന്‍റി 20യിലും ഇന്ത്യയെ നയിക്കുക. മലയാളി ഫാസ്റ്റ് ബൗളർ ബേസില്‍ തമ്പി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. 

വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവരും ട്വന്‍റി 20 ടീമിലെ പുതുമുഖങ്ങളാണ്. സൂപ്പ‍ര്‍താരം ലസിത് മലിംഗ ഇല്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇരുടീമും ഇതിന് മുമ്പ് 11 ട്വന്‍റി 20യില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴില്‍ ഇന്ത്യയും നാലില്‍ ലങ്കയും വിജയിച്ചു. കട്ടക്കില്‍ ഇതിന് മുമ്പ് കളിച്ചപ്പോള്‍ ഇന്ത്യ തോറ്റിരുന്നു. വെള്ളിയാഴ്ച ഇന്‍ഡോറിലും ഞ‌ായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.