ഗോള്‍: ഇന്ത്യ ബാറ്റിംഗ് നിര നിറഞ്ഞാടിയ പിച്ചില്‍ ലങ്കന്‍ ബാറ്റിംഗ് നിര വിയര്‍ക്കുന്നു. ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 600 റണ്‍സടിച്ച് റണ്‍മല ഉയര്‍ത്തിയ ഇന്ത്യക്ക് മുന്നില്‍ 154 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമാക്കി ലങ്ക വിയര്‍ക്കുകയാണ്. അസേല ഗുണരത്നെ പരിക്കേറ്റ് പിന്‍മാറിയതിനാല്‍ ഒരു ബാറ്റ്സ്മാന്റെ സേവനം കൂടി ലങ്കയ്ക്ക് ലഭിക്കില്ല. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 54 റണ്‍സുമായി മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസും ആറ് റണ്‍സുമായി ദില്‍റുവാന്‍ പെരേരയുമാണ് ക്രീസില്‍. സ്കോര്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 600ന് ഓള്‍ ഔട്ട്, ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 154/5.

ഇന്ത്യക്ക് മറുപടി പറയാനിറങ്ങിയ ലങ്കയ്ക്ക രണ്ടാം ഓവറിലെ അടിതെറ്റി. രണ്ട് റണ്‍സെടുത്ത കരുണരത്നെയ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ഉപുല്‍ തരംഗയും ഗുണതിലകയും ചേര്‍ന്ന് ലങ്കയെ 50 കടത്തി. എന്നാല്‍ ഗുണതിലകയെ(16) വീഴ്‌ത്തി മുഹമ്മദ് ഷാമി കരുത്തുകാട്ടി. തൊട്ടുപിന്നാലെ കുശാല്‍ മെഡിന്‍സിനെയും(0) മടക്കി ഷാമി ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തരംഗയും മെന്‍ഡിസും ചേര്‍ന്ന് ലങ്കയെ 100 കടത്തിയെങ്കിലും തരംഗ(64) റണ്ണൗട്ടായതോടെ ലങ്ക വീണ്ടും തകര്‍ന്നു. തരംഗയ്ക്ക് പിന്നാലെ ഡിക്‌വെല്ലയെ(8) അശ്വിന്‍ മുകുന്ദിന്റെ കൈകകളിലെത്തിച്ചു. ഇന്ത്യക്കായി ഷാമി രണ്ടും അശ്വിന്‍ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ 399/3 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി പൂജാര 153 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രഹാനെ 57 റണ്‍സെടുത്തു. സാഹ(16) നിരാശപ്പെടുത്തിയെങ്കിലും അശ്വിനും(47), ഹര്‍ദ്ദീക് പാണ്ഡ്യയും(50), ഷാമിയും(30) തകര്‍ത്തടിച്ചതോടെ ഇന്ത്യ 600ല്‍ എത്തി. ലങ്കയ്ക്കായി നുവാന്‍ പ്രദീപ് ആറു വിക്കറ്റെടുത്തപ്പോള്‍ കുമാര മൂന്ന് വിക്കറ്റ് വീഴ്‌ത്തി.