വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 44.5 ഓവറില്‍ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും യശ്വേന്ദ്ര ചഹലുമാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരെ എറിഞ്ഞിട്ടത്. മികച്ച തുടക്കം ലഭിച്ച ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുമെന്ന് ഒരവസരത്തില്‍ തോന്നിച്ചെങ്കിലും സ്‌പിന്നര്‍മാര്‍ മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു.

82 പന്തില്‍ മൂന്ന് സിക്സും 12 ബൗണ്ടറിയും സഹിതം 95 റണ്‍സെടുത്ത ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 13 റണ്‍സെടുത്ത ഓപ്പണര്‍ ധനുഷ്ക ഗുണതിലകയെ തുടക്കത്തിലെ ശ്രീലങ്കക്ക് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ തരംഗ-സമരവിക്രമ സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 136ല്‍ നില്‍ക്കേ 42 റണ്‍സെടുത്ത സമരവിക്രമയെ പറഞ്ഞയച്ച് ചഹല്‍ ലങ്കക്ക് പ്രഹരം നല്‍കി. 

എങ്കിലും ഒരുവശത്ത് കൂറ്റനടികളുമായി ഉപുല്‍ തരംഗ നിലയുറപ്പിച്ചു. എന്നാല്‍ സെഞ്ചുറിക്കരികെ തരംഗയെയും വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ലയെയും നഷ്ടമായത് ലങ്കക്ക് തിരിച്ചടിയായി. വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ മിന്നും സ്റ്റംബിംഗാണ് തരംഗക്ക് വിനയായത്. തരംഗയെ കുല്‍ദീപ് പുറത്താക്കിയതാണ് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ലങ്കയില്‍ നിന്ന് മത്സരം ഇന്ത്യയുടെ കൈപ്പിടിയിലാക്കിയത്.

പിന്നീട് കണ്ടത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുന്നതാണ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീര‍ന്‍ എയ്ഞ്ചലോ മാത്യൂസ് 17 റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ആര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ടും ജസ്‌പ്രീത് ഭൂംമ്ര, ഭുവനേശ്വര്‍ കുമാറും ഒരു വിക്കറ്റും വീഴ്ത്തി. പരമ്പര വിജയം നേടാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.