ണ്ടാം ദിനം ഒമ്പതിന് 285 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടു റണ്‍സ് കൂടെ ചേര്‍ത്തപ്പോഴേ അവസാന ബാറ്റ്സ്മാനും കൂടാരം കയറി

എഡ്ജ്ബാസ്റ്റണ്‍: മികച്ച തുടക്കം മുതലാക്കാനാകാതെ ആദ്യ ദിവസം ഇന്ത്യക്ക് മുന്നില്‍ പതറിയ ഇംഗ്ലീഷ് നിരയുടെ ആദ്യ ഇന്നിംഗ്സിന് അന്ത്യം. രണ്ടാം ദിനം ഒമ്പതിന് 285 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ടു റണ്‍സ് ചേര്‍ക്കാന്‍ മാത്രമേ സാധിക്കുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ മുരളി വിജ‍യ്‍യും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. 11 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ വിക്കറ്റ് നഷ്ടപ്പെടാതെ 49 എന്ന നിലയിലാണ്.

ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ മധ്യനിരയില്‍ നായകന്‍ റൂട്ടും ബെയര്‍സ്റ്റോയും മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും അവസാന സെഷനില്‍ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ അശ്വിനും ഷമിയും ചേര്‍ന്നു പിടിച്ചുകെട്ടി. മൂന്നിന് 216 എന്ന ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിന്‍റെ നാല് വിക്കറ്റുകള്‍ 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കോലിപ്പടയ്ക്കു മുന്നില്‍ വീണു.

അവസാനം വാലറ്റത്ത് ചെറുത്തുനില്‍പ്പ് നടത്തിയ കുറാനാണ് രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ മടങ്ങിയത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. ഇന്ത്യക്കായി അശ്വിന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷമി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. 156 പന്തില്‍ 80 റണ്‍സ് നേടി റൂട്ടിനും 70 റണ്‍സ് കുറിച്ച യെബയര്‍സ്റ്റോയ്ക്കും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായിട്ടുള്ളൂ.