കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നിലംപരിശാക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മ(11), ചേതേശ്വര്‍ പൂജാര (26), ആര്‍ അശ്വിന്‍(12), വൃദ്ധിമാന്‍ സാഹ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡര്‍ മൂന്നും സ്റ്റെയ്ന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മോണി മോര്‍ക്കലും രബാദയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യ 52 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റിന് 131 റണ്‍സെന്ന നിലയിലാണ്. 

എകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ഹര്‍ദിക് പാണ്ഡ്യ 51 റണ്‍സെടുത്തും ഭുവനേശ്വര്‍ കുമാര്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ട്. മൂന്ന് വിക്കറ്റ് അവശേഷിക്കേ ദക്ഷിണാഫ്രിക്കയുടെ സ്കോറിനേക്കാള്‍ 155 റണ്‍സ് പിന്നിലാണ് ഇന്ത്യ. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സിന് പുറത്തായിരുന്നു. മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക. ആദ്യ ദിനം മൂന്ന് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് പിന്നീട് മത്സരത്തില്‍ തിരിച്ചെത്താനായില്ല.

ഓപ്പണര്‍മാരായ മുരളി വിജയി ഒരു റണ്‍സുമായും ശിഖര്‍ ധവാന്‍ 16 റണ്‍സെടുത്തും പുറത്തായപ്പോള്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് കോലിക്ക് എടുക്കാനായത്. നേരത്തെ ഗ്രീന്‍ ടോപ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 286ന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത്. ആര്‍ അശ്വിന്‍ രണ്ടും ഷമിയും ഭൂമ്രയും പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്സും(65) ഡുപ്ലസിസും(62) അര്‍ദ്ധ സെഞ്ചുറി നേടി. ഫിലാന്‍ഡര്‍ 23 റണ്‍സും കേശവ് മഹാരാജ് 35 റണ്‍സും റബാദ 26 റണ്‍സുമെടുത്ത് വാലറ്റത്ത് ചെറുത്തുനിന്നു.