ഇൻഡോര്‍: ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുകയെന്ന മലയാളി താരം ബേസിൽ തമ്പിയുടെ കാത്തിരിപ്പ് നീളും. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ആദ്യ മൽസരത്തിലെ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇൻഡോറിൽ കളിക്കാനിറങ്ങുന്നത്. മലയാളി താരം ബേസിൽ തമ്പി കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടീമിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. വിശ്വ ഫെര്‍ണാണ്ടോ, ദസുൻ ശനക എന്നിവര്‍ക്ക് പകരം സദീര സമരവിക്രമ, ചതുരംഗ ഡി സിൽവ എന്നിവര്‍ ശ്രീലങ്കൻ ടീമിൽ ഇടംനേടി.
ആദ്യ മൽസരം ജയിച്ച ഇന്ത്യ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.
