ദില്ലി: ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യാ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം പിങ്ക് ബോള്‍ ഉപയോഗിച്ച് കളിക്കുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ഇതിന് മുന്നോടിയായി ദുലീപ് ട്രോഫിയില്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് മത്സരം നടത്തും. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡും ഓസ്ട്രേലിയയും പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചിരുന്നു.

വേദി ഏതായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഠാക്കൂര്‍ പറഞ്ഞു. ഇതിന് മുമ്പ് രാത്രികാലങ്ങളിലെ മഞ്ഞു വീഴ്ചയും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് സ്പിന്നര്‍മാര്‍ എങ്ങനെ പന്തെറിയുന്നു എന്നീ കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. ദുലീപ് ട്രോഫിയില്‍ പരീക്ഷിക്കുന്നതോടെ ഇക്കാര്യങ്ങളില്‍ ധാരണയുണ്ടാകുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന ദുലീപ് ട്രോഫിയില്‍ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കും. പിങ്ക് ബോളില്‍ മത്സരപരിചയം ലഭിക്കുന്നതിന് ഇത് ഗുണം ചെയ്യും. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ എസ്‌ജി പന്തുകളാണ് ഉപയോഗിക്കാറുള്ളത്. ഇതാദ്യമായാണ് കൂക്കബുറ പന്തുകള്‍ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ കൂക്കബുറ പന്തുകളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഭാവിയില്‍ എസ്‌ജിയോടും പിങ്ക് ബോളുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.