കൊല്‍ക്കത്ത: ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മഴ ഭീഷണി. മത്സരം നടക്കുന്ന കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത മഴ പെയ്തിരുന്നു. മത്സരദിവസമായ വ്യാഴാഴ്ചയും മഴ പെയ്യുമെന്നാണ് പ്രവചനം. മഴമൂലം ഒറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചും ഔട്ട് ഫീല്‍ഡും പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്.

തിങ്കളാഴ്ചയാണ് ഇരുടീമുകളും കൊല്‍ക്കത്തയിലെത്തിയത്. മത്സരവേദിയില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് എത്തിയെങ്കിലും പൂര്‍ണായും മൂടിയിട്ടിരിക്കുന്ന പിച്ചും ഔട്ട് ഫീല്‍ഡുമാണ് സ്മിത്തിന് കാണാനായത്. 66000 പേര്‍ക്കിരിക്കാവുന്ന ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം മഴ ദൈവങ്ങള്‍ കനിഞ്ഞാല്‍ കാണികളെക്കൊണ്ട് നിറഞ്ഞുകവിയും.

ചെന്നൈയില്‍ നടന്ന പമ്പരയിലെ ആദ്യ മത്സരത്തിലും മഴ ഭീഷണിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗിനുശേഷം മഴ എത്തിയതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസീസ് ലക്ഷ്യം പുനര്‍നിര്‍ണയിച്ചത്. മത്സരത്തില്‍ ഇന്ത്യ 26 റണ്‍സിന് ജയിക്കുകയും ചെയ്തു.