പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ടീമുകളും ആരാധകരും. മത്സരത്തിന് മുന്‍പ് ഇരു ടീമിന്‍റെയും ദേശീയഗാനം ആലപിച്ചശേഷം രണ്ട് മിനുറ്റ് മൗനമാചരിക്കാന്‍ ആരാധകരോട് കോലി ആവശ്യപ്പെടുകയായിരുന്നു.
വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ടി20 ആരംഭിച്ചത് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച്. മത്സരത്തിന് മുന്‍പ് ഇരു ടീമിന്‍റെയും ദേശീയഗാനം ആലപിച്ചശേഷം രണ്ട് മിനുറ്റ് മൗനമാചരിക്കാന്‍ ആരാധകരോട് കോലി ആവശ്യപ്പെടുകയായിരുന്നു. പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തിറങ്ങിയത്.
വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടംബാംഗങ്ങളെ ആദ്യ ടി20ക്ക് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി അനുശോചനം അറിയിച്ചിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുമോ എന്ന ചോദ്യത്തിനും കോലി ഉത്തരം നല്‍കി. രാജ്യത്തിന്‍റെയും ബി സി സി ഐയുടെയും ആവശ്യം ഉള്‍ക്കൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോലി വ്യക്തമാക്കിയത്. ഏകദിന ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ ജൂണ്‍ 16നാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നടക്കേണ്ടത്.
ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം സന്ദര്‍ശകര്‍ക്കായിരുന്നു. വിശാഖപട്ടണത്ത് അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 20-ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
