കോല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഓസ്ട്രേലിയക്കെരിതെ ഇന്ത്യയുടെ ഹര്‍ദ്ദീക് പാണ്ഡ്യ പുറത്തായത് ഒന്നല്ല, മൂന്നുവട്ടം. മത്സരത്തിന്റെ 48-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ ആ ഓവറിലെ നാലാം പന്ത് ഫുള്‍ട്ടോസായിരുന്നു. സിക്സറിന് ശ്രമിച്ച പാണ്ഡ്യയ്ക്ക് പിഴച്ചു. കവറില്‍ സ്മിത്തിന്റെ ക്യാച്ച്. എന്നാല്‍ അരയ്ക്കു മുകളിലുള്ള ഫുള്‍ടോസായതിനാല്‍ നോ ബോളാണോ എന്ന സംശയം നിലിനല്‍ക്കെ പൊടുന്നനെ മഴയെത്തി.

ഈ സമയം റണ്‍സിനായി ശ്രമിക്കാതിരുന്ന പാണ്ഡ്യ ക്രീസ് വിട്ട് ഡ്രസ്സിംഗ് റൂമിലേക്കോടി. എന്നാല്‍ പാണ്ഡ്യയുടെ ക്യാച്ചെടുത്ത സ്മിത്ത് അത് നോബോളാവുമെന്ന് ഉറപ്പായതിനാല്‍ പന്ത് നേരെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ബൗളര്‍ക്ക് കൈമാറിയശേഷം ബെയ്‌ല്‍സെടുക്കാന്‍ നിര്‍ദേശിച്ചു. പാണ്ഡ്യ ക്രീസിലില്ലാത്തിനാല്‍ റണ്‍ ഔട്ടാവുമെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. ഈ സമയം അമ്പയര്‍ മൂന്നാം അമ്പയറുമായി സംസാരിച്ചശേഷം നോ ബോള്‍ വിധിച്ചു. അപ്പോഴും റണ്‍ ഔട്ടിനായി ഓസീസ് അപ്പീല്‍ ചെയ്തു. ഈ സമയം അമ്പയര്‍മാരും ഗ്രൗണ്ട് വിടാനൊരുങ്ങി. പിച്ച് മൂടാനായി കവറുമായി ഗ്രൗണ്ട് സ്റ്റാഫുമെത്തി.

പാണ്ഡ്യ ഔട്ടായോ എന്ന ആശയക്കുഴപ്പം അപ്പോഴും നിലനിന്നു. രണ്ടു മിനിട്ടിനകം മഴമാറി കളിക്കാര്‍ വീണ്ടും ക്രീസിലെത്തിയപ്പോഴും ആശയക്കുഴപ്പം മാറിയില്ല. എന്നാല്‍ മഴ പെയ്തതിനാലാണ് പാണ്ഡ്യ ക്രീസ് വിട്ടതെന്നും അതുകൊണ്ടുതന്നെ മഴ പെയ്തപ്പോല്‍ തന്നെ ബോള്‍ ഡെഡ് ആയെന്നും അമ്പയര്‍ വിധിച്ചതോടെ ക്യാച്ച് ഔട്ടില്‍ നിന്നും റണ്‍ ഔട്ടില്‍ നിന്നും പാണ്ഡ്യ രക്ഷപ്പെട്ടു. എന്നാല്‍ ഭാഗ്യം തുണച്ചെങ്കിലും പാണ്ഡ്യയ്ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനായില്ല. അമ്പതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി പാണ്ഡ്യ മടങ്ങി. അങ്ങനെ ഒരു മത്സരത്തില്‍ മൂന്നുതവണ പുറത്തായതിന്റെ അപൂര്‍വ റെക്കോര്‍ഡ് പാണ്ഡ്യയക്ക് സ്വന്തമാവുകയും ചെയ്തു.