നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരെ ആഞ്ചാം ഏകദിനം ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം. മൂന്നാം ഏകദിനം ജയിച്ചപ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാമെതത്തിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തിലെ തോല്‍വിയോടെ ദക്ഷിണാഫ്രിക്ക വീണ്ടും ഒന്നാമതായി. അഞ്ചാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്താം.
തുടര്‍ച്ചയായ പത്താം ജയമെന്ന മോഹിപ്പിക്കുന്ന നേട്ടം നാലാം ഏകദിനം ജയിച്ച് സ്വന്തമാക്കാനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഓസീസ് ജയിച്ചു കയറിയത്. അഞ്ചാം ഏകദിനം ജയിച്ച് ഇന്ത്യയുടെ ഒന്നാം റാങ്കെന്ന സ്വപ്നവും ഓസീസ് വെള്ളത്തിലാക്കുമോ എന്നാണ് അഞ്ചാം ഏകദിനത്തില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 119 റേറ്റിംഗ് പോയന്റുകളാണ് ഉള്ളതെങ്കിലും ദശാംശക്കണക്കില്‍ ദക്ഷിണാഫ്രിക്ക മുന്നിലാണ്. 115 പോയന്റുള്ള ഓസീസ് മൂന്നാമതാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഈ മാസം ബംഗ്ലാദേശുമായി ഏകദിന പരമ്പരയുണ്ട്. ഇന്ത്യ ഒന്നാമന്‍മാരായാലും ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തൂത്തുവാരിയാല്‍ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് വീഴും. ഇന്ന് തോറ്റാലും ഇന്ത്യയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടില്ല.
