ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20 മത്സരം ജയിച്ച് ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യക്ക് അശുഭവാര്‍ത്ത. മത്സരം നടക്കുന്ന ഹൈദരാബാദില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്ത മഴയാണ്. മത്സരം നടക്കുന്ന വെള്ളിയാഴ്ചയും മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴ മൂലം മത്സരം തടസപ്പെട്ടാല്‍ ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഒലിച്ചുപോവും.
കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദില്‍ ദിവസേന മഴ പെയ്യുന്നുണ്ട്. മഴ പിച്ചിന്റെ സ്വഭാവത്തെയും ബാധിച്ചേക്കുമെന്ന് ക്യൂറേറ്റര്‍ വൈ എല്‍ ചന്ദ്രശേഖര്‍ പറഞ്ഞു. പൊതുവെ വലിയ സ്കോറുകള്‍ പിറക്കാറുള്ള ഉപ്പല്‍ സ്റ്റേഡിയത്തില്‍ പിച്ച് ആരെ തുണയ്ക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. ബാറ്റിംഗ് പിച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുവാഹത്തിയില്‍ ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടുകയായിരുന്നു.
ഒരാഴ്ചയായി പെയ്യുന്ന മഴ ഔട്ട് ഫീല്‍ഡിനെയും ബാധിച്ചിട്ടുണ്ട്. മഴ തടസപ്പെടുത്തിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.
