പൃഥ്വി ഷായുടെ തിരിച്ചുവരവ് വൈകുമെന്ന് സൂചന. ഓസ്‌ട്രേലിയക്കെതിരെ നവംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷാ കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു...

അഡ്‌ലെയ്ഡ്: പരുക്കേറ്റ കൗമാര ഇന്ത്യന്‍ ബാറ്റിംഗ് വിസ്‌മയം പൃഥ്വി ഷായുടെ തിരിച്ചുവരവ് വൈകുമെന്ന് സൂചന. ഓസ്‌ട്രേലിയക്കെതിരെ നവംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷാ കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നതനുസരിച്ച് മൂന്നാം ടെസ്റ്റിലാണ്(ബോക്സിങ് ഡേ) താരം മടങ്ങിയെത്താന്‍ കൂടുതല്‍ സാധ്യത. 

ഷായ്ക്ക് പരിക്കേറ്റത് ഹൃദയഭേദകമായ കാഴ്‌ച്ചയായിരുന്നു എന്ന് ശാസ്ത്രി പറഞ്ഞു. 'താരം വേഗം സുഖപ്പെടുന്നത് ആശ്വാസം നല്‍കുന്നു. ഷാ ഇപ്പോള്‍ നടന്നുതുടങ്ങിയിട്ടുണ്ട്. ഈ ആഴ്‌ചയുടെ അവസാനത്തോടെ താരത്തിന് അല്‍പമെങ്കിലും ഓടാനാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ പെര്‍ത്ത് ടെസ്റ്റിനോട് അടുക്കുമ്പോള്‍ മാത്രമേ താരത്തിന്‍റെ കാര്യത്തില്‍ തീരുമാനം പറയാനാകു' എന്ന് ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തിനിടെ പരുക്കേറ്റ താരത്തെ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ക്യാച്ചെടുക്കുന്നതിനിടെയാണ് ഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്.