മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ നാളെ പ്രഖ്യാപിക്കും. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാകും തെരഞ്ഞെടുക്കുക. ഏകദിന ലോകകപ്പിന് മുമ്പ് ടീം പൂര്‍ണ സജ്ജമാക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണിത് എന്നതിനാല്‍ സെലക്ടര്‍മാര്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് സൂചന.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയും ടീമില്‍ തിരിച്ചെത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍  ഋഷഭ് പന്തിനെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശീഖര്‍ ധവാനുമാണ് വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് താരങ്ങള്‍. ഇരുവര്‍ക്കും വിശ്രമം അനുവദിക്കുകയാണെങ്കില്‍ കെ എല്‍ രാഹുലും അജിങ്ക്യാ രഹാനെയുമാകും ഓപ്പണര്‍മാരായി എത്തുക. ഇവരില്‍ ഒരാള്‍ മൂന്നാം ഓപ്പണറായി ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീമിലും ഇടം നേടിയക്കും.

വണ്‍ ഡൗണില്‍ വിരാട് കോലിയും നാലാമനായി അംബാട്ടി റായിഡുവും കളിക്കുമ്പോള്‍ ധോണി അഞ്ചാമനായി ക്രീസിലെത്തും. കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക് എന്നിവരിലൊരാളാകും ആറാമനായി എത്തുക. ഹര്‍ദ്ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഈ മൂന്ന് ഓള്‍ റൗണ്ടര്‍മാരില്‍ രണ്ടുപേരാകും ലോകകപ്പ് ടീമില്‍ ഉണ്ടാകുക. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി തുടരുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി എന്നിവര്‍ പേസര്‍മാരായി ടീമിലെത്തും. നാലാം പേസറായി ഖലീല്‍ അഹമ്മദോ ജയദേവ് ഉനദ്ഘട്ടോ ടീമിലെത്താനാണ് സാധ്യത. ഷമിക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചാല്‍ ഖലീലും ഉനദ്ഘട്ടും ഒരേസമയം ടീമിലെത്താനുള്ള സാധ്യതയുമുണ്ട്.

ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, (കെ എല്‍ രാഹുല്‍/അജിങ്ക്യാ രഹാനെ) വിരാട് കോലി, അംബാട്ടി റായിഡു, എം എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, ഹര്‍ദ്ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, (ഖലീല്‍ അഹമ്മദ്/ജയദേവ് ഉനദ്ഘട്ട്).