ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ആധിപത്യം നേടുമ്പോള്‍ അവരെ നേരിടാനുള്ള ഏറ്റവും നല്ല വഴി പ്രത്യാക്രമണമാണ്. അഡ്‌ലെയ്‌ഡിലും പെര്‍ത്തിലും ക്രീസിലെത്തിയ ഉടന്‍ അക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്തത് അതിന്റെ ഭാഗമായാണ്. അത് എന്റെ മാത്രം തീരുമാനമായിരുന്നു.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ത്യ മെല്‍ബണില്‍ ഇറങ്ങുമ്പോള്‍ നയം വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. മെല്‍ബണില്‍ മൂന്നാം ടെസ്റ്റിന് ശുഭപ്രതീക്ഷയോടെയാണ് ഇറങ്ങുന്നതെന്നും ഒരു സെഞ്ചുറിയോ ഡബിള്‍ സെഞ്ചുറിയോ മെല്‍ബണില്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും രഹാനെ മാധ്യമങ്ങളോട് പറ‍ഞ്ഞു. ഓസീസ് ബൗളര്‍മാരെ പ്രത്യാക്രമണത്തിലൂടെ ബാക് ഫൂട്ടിലാക്കുക എന്നതാണ് തന്റെ നയമെന്നും രഹാനെ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ആധിപത്യം നേടുമ്പോള്‍ അവരെ നേരിടാനുള്ള ഏറ്റവും നല്ല വഴി പ്രത്യാക്രമണമാണ്. അഡ്‌ലെയ്‌ഡിലും പെര്‍ത്തിലും ക്രീസിലെത്തിയ ഉടന്‍ അക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്തത് അതിന്റെ ഭാഗമായാണ്. അത് എന്റെ മാത്രം തീരുമാനമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സമയമെടുത്ത് ക്രീസില്‍ നിലയുറപ്പിക്കാനാവില്ല. അങ്ങനെ കളിക്കുന്നവരുണ്ട്. പൂജാര അത്തരമൊരു കളിക്കാരനാണ്. പക്ഷെ ഞാനൊരു അക്രമണോത്സുക ബാറ്റ്സ്മാനാണ്.

അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം. എങ്കിലും എപ്പോഴും ആക്രമിച്ച് കളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ആക്രമിച്ചു കളിക്കുമ്പോള്‍ അതിന്റെതായ റിസ്കുണ്ട്. ചിലപ്പോള്‍ തീരുമാനം തിരിച്ചടിയാവാം.

പക്ഷെ ആ റിസ്ക് നിങ്ങളെടുത്തേ പറ്റൂ. മെല്‍ബണില്‍ ബൗളിംഗ് നിരക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്സ്മാന്‍മാര്‍ക്കാവണമെന്നും രഹാനെ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും നമ്മുടെ ബൗളര്‍മാര്‍ എതിരാളികളുടെ 20 വിക്കറ്റും എടുത്തിരുന്നു. ബാറ്റിംഗ് നിര കുറച്ചു കൂടി മികവുകാട്ടിയിരുന്നെങ്കില്‍ ആ പരമ്പരയുടെ ഫലം തന്നെ മറ്റൊന്നായേനെ എന്നും രഹാനെ പറഞ്ഞു. നാലുവര്‍ഷം മുമ്പ് ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ രഹാനെ 147 റണ്‍സടിച്ചിരുന്നു.