മെല്‍ബണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഓസ്ട്രേലിയയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് മെല്‍ബണില്‍ ഇറങ്ങുന്നത്. ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണിന് പകരം ലെഗ് സ്പിന്നര്‍ ആദം സാംപയും രേസര്‍ ജേസണ്‍ ബെഹന്‍റോഫിന് പകരം ബില്ലി സ്റ്റാന്‍ലേക്കും ഓസീസ് ഇലവനിലെത്തി.
 
ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ലിയോണിന് അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ജയിച്ച ഇന്ത്യയും ഓസ്ട്രേലിയയും ഇപ്പോള്‍ പരമ്പരയില്‍ 1-1 തുല്യത പാലിക്കുകയാണ്. മെല്‍ബണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാവും.

ഓസ്ട്രേലിയയാണ് ജയിക്കുന്നതെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ആദ്യ പരമ്പര ജയമാകും അവര്‍ക്കിത്. ഇന്ത്യയാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയയില്‍ ആദ്യമായി ഏകദിന പരമ്പര നേട്ടമെന്ന ചരിത്രം സ്വന്തമാക്കാന്‍ വിരാട് കോലിക്കും ടീമിനുമാവും.