ലക്നൗവിനെതിരെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 14 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു.

ചെന്നൈ: ഐപിഎല്ലിലെ സൂപ്പര്‍ സണ്‍‍ഡേ പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോഴും റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തലയിലുറപ്പിച്ച് ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസൻ. 11 മത്സരങ്ങളില്‍ നിന്ന് 494 റണ്‍സുമായാണ് ഹെന്‍റിച്ച് ക്ലാസന്‍ സൂപ്പര്‍ സണ്‍ഡേക്ക് ശേഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 11 മത്സരങ്ങളില്‍ 475 റണ്‍സെടുത്ത ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ ടോപ് ഫൈവിലെത്താൻ അവസരമുണ്ടായിരുന്ന ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണ്‍ മുംബൈയുടെ റിയാന്‍ റിക്കിള്‍ടണ്‍, ആര്‍സിബിയുടെ വിരാട് കോലി ലക്നൗവിന്‍റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ക്ലാസന്‍റെ തലയിലെ ഓറഞ്ച് ക്യാപ് ഇളകാതിരിക്കാന്‍ കാരണമായത്.

ലക്നൗവിനെതിരെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 14 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതോടെ റണ്‍വേട്ടക്കാരില്‍ ഹൈദരാബാദിന്‍റെ ഇഷാന്‍ കിഷനെ(409) എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി സഞ്ജു 430 റണ്‍സുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് ആദ്യ പത്തിലെ ഏക മാറ്റം. 

440 റണ്‍സുമായി ഗുജറാത്തിന്‍റെ സായ് സുദര്‍ശന്‍ ആറാമതും ഇതേ റണ്‍സുമായി രാജസ്ഥാന്‍റെ വൈഭവ് സൂര്യവംശി അഞ്ചാമതുമുള്ളപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍(462), ഡല്‍ഹി ക്യാപിറ്റൽസിന്‍റെ കെ എല്‍ രാഹുല്‍(468) എന്നിവരാണ് യഥാക്രമം നാലും മൂന്നും സ്ഥാനങ്ങളില്‍. ആര്‍സിബിക്കെതിരെ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായ മുംബൈ ഇന്ത്യൻസിന്‍റെ റിയാൻ റിക്കിള്‍ടണ്‍ 382 റണ്‍സുമായി ഒമ്പതാം സ്ഥാനത്ത് തുടരുമ്പോള്‍ മുംബൈക്കെതിരെ ഗോള്‍ഡന്‍ ഡക്കായെങ്കിലും വിരാട് കോലി 379 റണ്‍സുമായി ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി.

ലക്നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന് ടോപ് 10ല്‍ എത്താൻ അവസരമുണ്ടായിരുന്നെങ്കിലും ചെന്നൈക്കെതിരെ 10 റണ്‍സെടുത്ത് പുറത്തായ മാര്‍ഷ് 377 റണ്‍സുമായി 12-ാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ തിളങ്ങിയാല്‍ 377 റണ്‍സുമായി 11-ാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന്‍റെ കൂപ്പര്‍ കൊണോലിക്കും 364 റണ്‍സുമായി 13-ാം സ്ഥാനത്തുള്ള പ്രഭ്‌സിമ്രാന്‍ സിംഗിനും ടോപ് 10ല്‍ എത്താന്‍ അവസരമുണ്ട്. 468 റണ്‍സുമായി മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ കെ എല്‍ രാഹുലിന് ക്ലാസനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാനും ഇന്ന് അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക