ബംഗലൂരു: ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്താം ജയമെന്ന മോഹിപ്പിക്കുന്ന നേട്ടത്തിന്റെ പടിവാതിലില്‍ ഇന്ത്യ പൊരുതി വീണു. ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ 21 റണ്‍സ് വിജയവുമായി ഓസീസ് ആദ്യ ജയം സ്വന്തമാക്കി. ഓസീസ് ഉയര്‍ത്തിയ 335 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയും കേദാര്‍ ജാദവും അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയെ വിജയവര കടത്താനായില്ല. ഫിനിഷിംഗിനായി അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ധോണിക്കും പിഴച്ചു. തുടര്‍ച്ചയായ ഒമ്പത് ജയങ്ങള്‍ക്കുശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 334/6, ഇന്ത്യ 50 ഓവറില്‍ 313/8.

മോഹിപ്പിച്ച തുടക്കം

ഓസീസ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് ഒരിക്കല്‍ കൂടി സെഞ്ചുറി തുടക്കം നല്‍കി.ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 18.2 ഓവറില്‍ 106 റണ്‍സെടുത്തു. 53 റണ്‍സെടുത്ത രഹാനെയെ വീഴ്‌ത്തി റിച്ചാര്‍ഡ്സണാണ് ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ കോലിയ്ക്കൊപ്പം കളം നിറഞ്ഞ രോഹിത് ശര്‍മ ഇന്ത്യയെ അനായാസം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ സ്മിത്തിന്റെ ഉജ്ജ്വല ഫീല്‍ഡിംഗില്‍ കോലിയുമായുള്ള ധാരണപ്പിശകില്‍ രോഹിത് റണ്ണൗട്ടായി. 55 പന്തില്‍ 65വ റണ്‍സെടുത്ത രോഹിത്തിന്റെ പുറത്താകല്‍ കളിയില്‍ നിര്‍ണായകമായി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ കോലിയും(21) കോള്‍ട്ടര്‍നൈലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു.

പ്രതീക്ഷയേകി പാണ്ഡ്യയും ജാദവും

മധ്യനിരയില്‍ ഹര്‍ദ്ദീക് പാണ്ഡ്യയും(40) കേദാര്‍ ജാദവും ചെറുത്തുനിന്നതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയായി. സാംപയെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ പാണ്ഡ്യ വീണെങ്കിലും മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ജാദവ് പോരാട്ടം തുടര്‍ന്നു. ഇടയ്ക്ക് പെയ്ത ചെറി മഴയ്ക്കുശേഷം കളി വീണ്ടും തുടങ്ങിയപ്പോള്‍ ഇന്ത്യക്ക് സ്കോറിംഗ് വേഗത്തിലാക്കാന്‍ കഴിഞ്ഞില്ല. റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ജാദവും(67), മനീഷ് പാണ്ഡെയും(33) വീണതോടെ ഇന്ത്യ തോല്‍ മണത്തു.

ഫിനിഷിംഗില്‍ ധോണിക്ക് പിഴച്ചു

ധോണി ക്രീസിലെത്തുമ്പോള്‍ അവസാന അഞ്ചോവറില്‍ ഇന്ത്യക്ക് 53 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഓസീസിന്റെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ ധോണിക്ക് പിഴച്ചു. ഒരു സിക്സറും ഒറു ബൗണ്ടറിയും നേടിയെങ്കിലും 10 പന്തില്‍ 13 റണ്‍സുമായി ധോണി മടങ്ങി. ഇതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഓസീസിനായി റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കോള്‍ട്ടര്‍നൈര്‍ രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം ഒക്ടോബര്‍ ഒന്നിന് നടക്കും.